ഹജ്ജിന് ശേഷം ഉംറ പുനഃരാരംഭം എന്ന് മുതൽ? മന്ത്രാലയം പ്രതികരിക്കുന്നു

0
3387

മക്ക: ഹിജ്റ 1443-ലെ ഹജ്ജ് സീസൺ പൂർത്തിയായതിന് ശേഷം പുതിയ ഉംറ സീസൺ തുറക്കുന്ന തീയതി സംബന്ധിച്ച അന്വേഷണത്തിന് ഹജ്ജ്, ഉംറ മന്ത്രാലയം മറുപടി നൽകി.

ഈ വർഷത്തെ ഹജ്ജ് സീസണിൻ്റെ ഭാഗമായി ദുൽഹജ്ജ് 20 (അടുത്ത ചൊവ്വാഴ്ച) വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ മക്കയിലെ ഹറം പള്ളിയിൽ ഉംറക്ക് അനുമതി നൽകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണിൻ്റെ ഭാഗമായി നിർത്തി വെച്ച ഉംറ തീർഥാടനം ജൂലൈ 20 ന് ബുധനാഴ്ച മുതലാണ് പുനഃരാരംഭിക്കുക.

തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റെടുത്തുകൊണ്ട് ജൂലൈ 20 മുതൽ ഉംറക്ക് വരാം. നിലവിൽ തവക്കൽനാ ഇഅ്തമർനാ ആപ്പുകളിൽ ഉംറ പെർമിറ്റുകൾക്കുള്ള തിയതികളും സമയവും കാണാനാവുമെങ്കിലും ഇത് ഉംറ തീർഥാടകർക്ക് ലഭിക്കുന്നതല്ല.

90 ശതമാനത്തിലധികം തീർഥാടകരും ജംറകളിലെ കല്ലേറ് കർമ്മം പൂർത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവർ ഇന്നത്തോടെ പൂർത്തീകരിച്ച് മിന താഴ്‌വാരം വിട്ടൊഴിയും. തുടർന്ന് മക്കയിലെത്തി വിടവാങ്ങൽ ത്വവാഫ് നിർവഹിച്ച ശേഷമാണ് ഹാജിമാർ സ്വദേശങ്ങളിലേക്ക് മടങ്ങുക.