മക്ക: മൂന്നാം സഊദി രാഷ്ട്രം സ്ഥാപിതമായതുമുതൽ ആരംഭിച്ച പുണ്യസ്ഥലങ്ങളുടെ വിപുലീകരണത്തിനും വികസനത്തിനും മുമ്പ് മക്ക അൽ മുകറമയിലെ മിന ഏരിയയിലെ സെൻട്രൽ ജംറ പ്രദേശത്തിന്റെ പഴയതും അപൂർവവുമായ ഒരു ചിത്രം കിംഗ് അബ്ദുൽ അസീസ് ലൈബ്രറി പ്രസിദ്ധീകരിച്ചു.
ഹിജ്റ 1327ൽ അഥവാ 1909 ൽ എടുത്ത ഫോട്ടോയാണ് പുറത്ത് വിട്ടത്. ഏതാനും കെട്ടിടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന മധ്യ ജംറയ്ക്ക് ചുറ്റും തീർഥാടകരുടെയും മറ്റുള്ളവരുടെയും ഒരു വലിയ ജനക്കൂട്ടത്തെ ചിത്രത്തിൽ കാണാനാകും. കുടകൾ വിരിച്ച ചില കച്ചവട കേന്ദ്രങ്ങളും ഇതിൽ കാണാനാകും.

മൂന്ന് ജമറാത്തുകളിൽ അഥവാ ജംറത്തുൽ സുഗ്റ, ജംറത്തുൽ വുസ്ത, ജംറത്തുൽ അഖബ എന്നിവയിൽ കല്ലെറിയുന്നത് അയാമു തശ്‌രീഖിന്റെ മൂന്ന് ദിവസത്തെ പ്രധാന ഹജ്ജിന്റെ പ്രവർത്തനങ്ങളിലൊന്നാണ്. ഇന്ന് ഈ ഭാഗങ്ങളിൽ വരുത്തിയ സൗകര്യങ്ങൾ കാണുമ്പോൾ ഒരു കാലത്ത് ചിത്രത്തിൽ കാണുന്നത് പോലെ ആയിരുന്നുവെന്നത് ഊഹിക്കാൻ പോലും ആകില്ല. അത്രയും വിശാലമായ വികസങ്ങളാണ് ഇവിടെ സഊദി ഭരണകൂടം നടപ്പിലാക്കിയിട്ടുള്ളത്.