മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ വിദേശ തീർഥാടകർക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിമാനം വൈകിയാലും റദ്ദ് ചെയ്താലും നഷ്ടപരിഹാരം ഉൾപ്പെടെ വിദേശ തീർഥാടകർക്കായി വിവിധ കവറേജുകൾ ഉൾപ്പെടുത്തിയാണ് സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കി ഹജ്ജ് മന്ത്രാലയം നടപ്പാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടം ഫലമായി മരണമോ സ്ഥിരമായ പൂർണ്ണ വൈകല്യമോ ഉണ്ടാക്കുന്ന വ്യക്തിഗത അപകടങ്ങളും അതുപോലെ തന്നെ മരിച്ച തീർഥാടകരുടെ മൃതദേഹങ്ങൾ അവരുടെ ബന്ധുക്കൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതും ഉൾപ്പെടെയുള്ള ചിലവുകൾ ഇൻഷൂറൻസിൽ ലഭ്യമാകും. കൊവിഡ് അണുബാധയുടെ കേസുകൾ പരിരക്ഷിക്കുന്നതിന് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, ചികിൽസാ ചെലവുകൾ എന്നിവയും രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ റദ്ദാക്കൽ അല്ലെങ്കിൽ കാലതാമസം എന്നിവയ്ക്കുള്ള നഷ്ടപരിഹാരവും പ്രോഗ്രാം കവർ ചെയ്യുന്നു.
ഹജ്ജ്, ഉംറ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തീർഥാടകരെ അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സൗകര്യത്തിലും നിർവഹിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും സഊദി സെൻട്രൽ ബാങ്കിന്റെയും (സാമ) മേൽനോട്ടത്തിലാണ് സമഗ്ര ഇൻഷൂറൻസ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് അവരുടെ കർമ്മങ്ങൾ സുഖകരമായും എളുപ്പത്തിലും നിർവഹിക്കാനും നല്ല ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും കഴിയുന്ന തരത്തിൽ വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിന് വിവിധ പരിഹാരങ്ങളും ഓപ്ഷനുകളും കണ്ടെത്താൻ പ്രോഗ്രാം അനുവദിക്കുന്നു.
തആവുനിയ ഇൻഷുറൻസ് കമ്പനിയുടെ മേൽനോട്ടത്തിൽ എല്ലാ പ്രാദേശിക ഇൻഷുറൻസ് കമ്പനികളും സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം നൽകുന്നുണ്ട്. തീർഥാടകർക്ക് കൊവിഡ്-19 അണുബാധയുണ്ടായാൽ, ഏതെങ്കിലും ചികിത്സ ആവശ്യമായി വന്നാൽ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ ക്വാറന്റൈൻ സൗകര്യം വഴിയോ ചികിത്സയിലൂടെയോ പ്രോഗ്രാമിന്റെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാം.
തീർത്ഥാടകർ പാസ്‌പോർട്ട് നമ്പർ നൽകിയാണ് സേവനം ലഭ്യമാക്കേണ്ടത്. തീർത്ഥാടകർക്ക് സഹായം ആവശ്യമെങ്കിൽ 800440008 എന്ന നമ്പറിൽ ബന്ധപ്പെടുകയോ കൂടുതൽ വിവരങ്ങൾക്കായി www.enaya-ksa.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.