ഹാജിമാർ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി – വീഡിയോ

0
3427

മക്ക: ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി. പിശാചിനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്. മിനയിലെ ജംറതുല്‍ അഖബയില്‍ ആണ് ഇന്നത്തെ കല്ലേറ് കര്‍മം നടത്തുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജംറത്തുല്‍ അഖബയില്‍ ഏഴു കല്ലുകളാണ് ഹാജിമാര്‍ എറിയുന്നത്. ഇന്നലെ രാത്രി മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച കല്ലുകള്‍ കൊണ്ടാണ് കല്ലേറ് കര്‍മം നടത്തുന്നത്. മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി മേധാവിയുമായ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അടക്കമുള്ള പ്രമുഖരും കല്ലേറ് കര്‍മം നടത്തി.

കല്ലേറ് കര്‍മത്തിന് ജംറയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ഓരോ ടെന്റുകളിലുള്ളവര്‍ക്കും പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. ചില ഗ്രൂപ്പുകള്‍ ബസുകളിലും എത്തുന്നുണ്ട്. സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ് കവാടങ്ങളും ജംറയുടെ നാലു നിലകളും. മിനയിലെ ദൂരെ സ്ഥലങ്ങളിലുള്ളവര്‍ മെട്രോ ട്രെയിനുകളില്‍ ജംറ സ്‌റ്റേഷനിലിറങ്ങിയാണ് കല്ലേറ് കര്‍മത്തിനെത്തുന്നത്.

മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ തമ്പുകളിലാണ് താമസിക്കുക. ഇന്നലെ രാത്രി മുസ്ദലിഫയില്‍ താമസിച്ച തീര്‍ഥാടകര്‍ പുലര്‍ച്ചെയോടെ മിനായിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. കല്ലേറ് കര്‍മം നിര്‍വഹിച്ച് നേര മസ്ജിദുല്‍ ഹറാമിലേക്കാണ് ഹാജിമാര്‍ പോകുന്നത്. ഹജ്ജിന്‍റെ നിര്‍ബന്ധ കര്‍മങ്ങളായ കഅ്ബാ പ്രദക്ഷിണവും സഫ മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണവും നടത്തും.

തുടർന്ന് തലമുടി കളഞ്ഞ് ബലി കര്‍മവും നിര്‍വഹിച്ച് ഹാജിമാര്‍ നേരെ തമ്പുകളിലേക്ക് മടങ്ങും. ഈ കര്‍മങ്ങളില്‍ മുന്‍ഗണനാ ക്രമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അനുവാദമുണ്ട്. ഇതോട‌െ ഹജ്ജിന്‍റെ ഇഹ്റാം വസ്ത്രം അഴിച്ചുമാറ്റി സാധാരണ വേഷത്തിലേക്ക് മാറും. ഇതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. വരും ദിനങ്ങളില്‍ മിനയിൽ താമസിക്കുന്ന തീര്‍ഥാടകര്‍ ദുൽഹജ്ജ് 11, 12, 13 ദിവസങ്ങളിൽ മൂന്നു ജംറകളിൽ ഏഴു വീതം കല്ലെകളെറിഞ്ഞാണ് തീഥാടകർ മടങ്ങുക. ഇതോടെ ഹജ്ജിന് സമാപനമാവും.