വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേ അന്തരിച്ചു

0
1825

ടോക്യോ: വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേ അന്തരിച്ചു.
ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആബെയുടെ കഴുത്തിന് പിറകിലാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹം ഗുരുതരവസ്ഥയില്‍ തുടരുകയായിരുന്നു. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു.

ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. 40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലിസ് അറിയിച്ചു.

ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ആബേ. 2020 ആഗസ്റ്റിലാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. കുടല്‍ രോഗത്തെ തുടര്‍ന്നായിരുന്നു ഇത്. ജപ്പാനിലെ ഏറ്റവും ജനകീയനായ നേതാവാണ് അദ്ദേഹം. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൂന്ന് തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. 2014ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ആയിരുന്നു. 2021ല്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.