അൽ ഉല: പ്രകൃതിദത്തവും ചരിത്രപരവുമായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകളോടെ “അൽ-ഉല ട്രെയിനിന്റെ” രൂപകല്പനയ്ക്കായി “ദി റോയൽ കമ്മീഷൻ ഫോർ അൽ-ഉല” ഒരു കരാർ ഒപ്പിട്ടു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ-ഉല ഗവർണറേറ്റിനായുള്ള റോയൽ കമ്മീഷൻ, പൊതുഗതാഗത രംഗത്തെ പ്രമുഖരായ “സിസ്ട്ര” ഗ്രൂപ്പുമായാണ് “അൽ-ഉല ട്രെയിൻ” രൂപകല്പന ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്. ലാൻഡ്‌മാർക്കുകളും ചരിത്ര പൈതൃക സ്ഥലങ്ങളും ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിലൂടെയും ട്രാക്കുകളിലൂടെയും ഇത് പ്രവിശ്യയെ ബന്ധിപ്പിക്കും.
“ജേർണി ത്രൂ ടൈം” പദ്ധതിയുടെ പ്രധാന പദ്ധതികളിലൊന്നാണ് അൽ-ഉല ട്രെയിൻ”. സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അൽ-ഉല ഗവർണറേറ്റ് വികസിപ്പിക്കുന്നതിനും കല, പൈതൃകം, സംസ്കാരം, പ്രകൃതി എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമുള്ള പരിപാടിയുടെ പ്രധാന സ്തംഭങ്ങളിലൊന്നായിരിക്കുമിത്.
റോഡുകളിലെ തിരക്ക് കുറയ്ക്കുക, ശബ്ദത്തിന്റെ തോത് കുറയ്ക്കുക എന്നിവയുൾപ്പെടെ മൊബിലിറ്റിയിലെ സുസ്ഥിരത വർധിപ്പിക്കാൻ ട്രെയിൻ പദ്ധതിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു. സുസ്ഥിര വൈദ്യുതോർജ്ജം ഫലപ്രദമായി ഉപയോഗിക്കാനും, പൈതൃക, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കാനും ഇത് പ്രവർത്തിക്കും. കൂടാതെ പ്രകൃതി പരിസ്ഥിതിയുടെ ഭംഗി ആഘോഷിക്കുന്ന ഒരു ടൂറിസ്റ്റ് അനുഭവവും ട്രെയിൻ നൽകും.
50 കിലോമീറ്റർ ദൈർഘ്യമുള്ള അൽ-ഉല ട്രെയിൻ ട്രാക്ക്, തെക്ക് അൽ-ഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വടക്ക് അന്താരാഷ്ട്ര ടൂറിസവും ലോകത്തിലെ ഏറ്റവും വലിയ ലിവിംഗ് മ്യൂസിയവും സ്ഥിതി ചെയ്യുന്ന അൽ-ഹിജ്ർ സിറ്റിയിലേക്ക് ആയിരിക്കും സർവീസുകൾ.
അൽ-ഉല ഗവർണറേറ്റിൽ സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് അൽ-ഉല ട്രെയിൻ സർവ്വീസെന്ന് റോയൽ കമ്മീഷൻ ഫോർ അൽ-ഉല ഗവർണറേറ്റിലെ ഗവർണറേറ്റ് ഓപ്പറേഷൻസ് വിഭാഗം മേധാവി എൻജിനീയർ മൊതാസ് കുർദി പറഞ്ഞു. സുസ്ഥിര ജീവിതവും ടൂറിസവും നൽകി അൽ-ഉലയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള റോയൽ കമ്മീഷന്റെ പദ്ധതികളുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് ട്രെയിൻ ഗതാഗതം.
അൽ-ഉല ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങൾക്കിടയിൽ എല്ലാവർക്കും ഉപയോഗിക്കാൻ എളുപ്പമുള്ള പരിസ്ഥിതിയിൽ കുറഞ്ഞ സ്വാധീനം ചെലുത്തുന്ന ഒരു സംയോജിത പൊതുഗതാഗത ശൃംഖലയുടെ ഭാഗമായിരിക്കും ട്രെയിൻ ട്രാക്കുകൾ. അൽ-ഉലയുടെ തനതായ പ്രകൃതി പരിസ്ഥിതിയിൽ ഒരു ടൂറിസ്റ്റ്, സേവന അനുഭവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ അഭിലാഷമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടങ്ങളുടെ രൂപകൽപ്പന 2023 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളെയും പുരാവസ്തു സൈറ്റുകളെയും ബന്ധിപ്പിക്കുകയും വിവിധ സ്ഥലങ്ങൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ അനുവദിക്കുകയും ചെയ്യുന്ന വടക്കൻ “ചുവപ്പ്” ട്രാക്ക് ആണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടമെന്ന നിലയിൽ, അൽ-ഉല ഗവർണറേറ്റിന്റെ തെക്ക് ഭാഗത്തേക്ക് ഇത് വ്യാപിപ്പിക്കും, 33 കിലോമീറ്റർ ദൈർഘ്യമുള്ള അധിക ട്രാക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.
അൽ-ഉല ട്രെയിൻ ട്രാക്ക് കാൽനടയാത്രക്കാരുടെ പ്രവേശനത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ സൈക്കിളുകളും ഇ-ബൈക്കുകളും ഇലക്ട്രിക് വാഹനങ്ങളും പങ്കിടുന്ന തരത്തിൽ പ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലുമുള്ളതായിരിക്കും. സുസ്ഥിര ഗതാഗത സംവിധാനം ഉൾപ്പെടെ അൽ-ഉലയിലെ ജനങ്ങൾക്കും താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
അടുത്ത രണ്ട് ദശാബ്ദത്തേക്ക് രാജ്യത്ത് ഗവേഷണം, വികസനം, നവീകരണം എന്നിവയ്ക്കുള്ള കിരീടാവകാശിയുടെ അഭിലാഷങ്ങൾക്ക് അനുസൃതമായാണ് അൽ-ഉല ട്രെയിനിന്റെ രൂപകൽപ്പനയ്ക്കുള്ള കരാറിന്റെ പ്രഖ്യാപനം. പരിസ്ഥിതി ഉൾപ്പെടെ നിരവധി പ്രധാന മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ട്രെയിൻ.