യുഎഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായി സാൻഡ്, ഡയറക്ടർ ബോർഡിൽ എം.എ. യൂസുഫലിയും

0
2047

ദുബൈ: ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്ക് ചുവടുറപ്പിക്കുന്ന യു.എ.ഇയുടെ ആദ്യത്തെ ബാങ്കായ സാൻഡിന്‍റെ ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലുലു ഗ്രൂപ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലിയും ഡയറക്ടർ ബോർഡിലുണ്ട്. ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാർ ഗ്രൂപ്, മിഡിലീസ്റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെ ചെയർമാനായ മുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.

ഗൾഫ് രാജ്യങ്ങളിലെ സമ്പദ് രംഗം കൂടുതൽ വൈവിധ്യവത്കരണത്തിലേക്ക് കടക്കുമ്പോൾ ഡിജിറ്റൽ ബാങ്കിങ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യൻ വ്യവസായികളായ എം.എ. യൂസുഫലിയും ആദിത്യ ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗളം ബിർളയും. അബൂദബി രാജകുടുംബാംഗങ്ങളും സാൻഡ് ബാങ്കിൽ നിക്ഷേപകരായിട്ടുണ്ട്.

ഫ്രാങ്ക്ളിൻ ടെമ്പിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബൂദബി അൽ ഹെയിൽ ഹോൾഡിങ്സ് സി.ഇ.ഒ ഹമദ് ജാസിം അൽ ദാർവിഷ്, എമിറേറ്റ്സ് എയർലൈൻ സി.ഇ.ഒ അദ്നാൻ കാസിം, ദുബൈ ഇന്‍ററർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ വൈസ് പ്രസിഡന്‍റ് രാജ അൽ മസ്രോയി എന്നിവരും ബോർഡിലുണ്ട്.

യുവജനതയുടെ ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ ബാങ്കിംഗ് മേഖലക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണമായെന്ന് നിയുക്ത സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായ എം.എ. യൂസഫലി പറഞ്ഞു. പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യമിട്ടായിരിക്കും പുതിയ ബാങ്കിന്റെ പ്രവര്‍ത്തനം. അടുത്ത് തന്നെ പ്രവര്‍ത്തനമാരംഭിക്കുന്ന സാന്‍ഡ് ബാങ്ക് അയ്യായിരം കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.