പ്രവാചക നിന്ദ: കൊലക്കേസിലെ പ്രതികൾ ബിജെപി ന്യൂനപക്ഷ മോർച്ച പ്രവർത്തകർ

0
5411

ന്യൂഡൽഹി: പ്രവാചകനിന്ദ ആരോപിച്ച് രാജസ്ഥാനിൽ ടൈലർ കനയലാലിനെ വധിച്ച കേസിലെ പ്രതികളായ റിയാസ് അത്താർ, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബിജെപിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷമായി ബിജെപിയിൽ പ്രവർത്തിച്ചു വരുന്നവരികയാണെന്ന് ഇന്ത്യാ ടുഡേ റിപോർട്ട് ചെയ്തു.

ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി റിയാസ് അക്തരി ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതാവ് ഇർഷാദ് ചെയിൻവാലക്കൊപ്പം

2019 ൽ ഉംറ നിർവഹിച്ചു വന്ന റിയാസ് അട്ടാരിയെ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഇർഷാദ് ചെയിൻവാല ഹാരമണിയിച്ചു സ്വീകരിക്കുന്ന ചിത്രവും ഇതിനിടെ പുറത്തുവന്നു. ഉദയ്പൂരിൽ നടക്കുന്ന ബിജെപി പരിപാടികളിലെല്ലാം റിയാസ് അട്ടാരി പങ്കെടുത്തിരുന്നുവെന്ന് പത്തുവർഷത്തിലേറെയായി ന്യൂനപക്ഷമോർച്ച നേതാവായി പ്രവർത്തിക്കുന്ന ഇർഷാദ് ചെയിൻവാല ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.

പ്രാദേശിക ബിജെപി നേതാവായ ഗുലാബ് ചന്ദ് കട്ടാരിയുടെ നേതൃത്വത്തിൽ ഉദയ്പൂരിൽ നടത്തിയ പരിപാടികളിലെല്ലാം റിയാസും മുഹമ്മദ് ഗൗസും സജീവമായി പങ്കെടുത്തിരുന്നുവെന്നാണ് ഇർഷാദ് വ്യക്തമാക്കിയത്. ബിജെപി പ്രവർത്തകനായ മുഹമ്മദ് താഹിർ ആണ് റിയാസ് അട്ടാരിയെയും പാർട്ടിയിലേക്ക് അടുപ്പിച്ചതെന്നും ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഇർഷാദ് പറയുന്നു.

അതേസമയം നുപുർ ശർമയുടെ പ്രവാചകനിന്ദയെ തുടർന്ന് ലോകരാജ്യങ്ങളുടെ പ്രതിഷേധമുയരുകയും ഗൾഫിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം നടക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്ഥാനപതിമാരെ വിളിപ്പിച്ചാണ് നിരവധി രാജ്യങ്ങൾ പ്രതിഷേധമറിയിക്കുകയും ഇന്ത്യയുടെ പരസ്യക്ഷമാപണം ആവശ്യപ്പെടുകയും ചെയ്തത്. ഇതോടെ കേന്ദ്രസർക്കാർ സമ്മർദ്ധത്തിലാവുകയും നുപുർ ശർമയെയും ഡൽഹി ഐടി സെൽ മേധാവി നവീൻ ജിൻഡാലിനെയും പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് തയ്യൽതൊഴിലാളിയായ കനയ്യ ലാൽ കൊല്ലപ്പെട്ടത്. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തിയായിരുന്നു കൊലപാതകം. കൊലപാതകം വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പാക് ബന്ധം വരെ പിന്നീട് ഉയർന്നെങ്കിലും ഇതെല്ലാം തെറ്റാണെന്നു തെളിയിക്കുന്നതാണ് ഇരുവരുടെയും ബിജെപി ബന്ധം. ഉദയ്പൂർ കൊലപാതകത്തിനു പിന്നാലെ ആർഎസ്എസ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടിരുന്നു.

നുപൂർ ശർമയുടെ പ്രവാചക നിന്ദ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ കടുത്ത പ്രതിഷേധമുയരുകയും ബിജെപി പ്രതിരോധത്തിൽ ആവുകയും ചെയ്ത സാഹചര്യത്തിൽ ആണ് ഈ ക്രൂര കൊലപാതകം നടന്നത് എന്നതുകൊണ്ട് തുടക്കത്തിൽ തന്നെ സംഘ പരിവാർ ഗൂഢാലോചന മണത്തിരുന്നു. സാധാരണ ഇത്തരം കാരണങ്ങൾ കിട്ടിയാൽ മുസ്‌ലിംകൾക്കെതിരെ വൻതോതിൽ കലാപം അഴിച്ചുവിടുന്ന സംഘപരിവാർ ഇപ്രാവശ്യം പതിവില്ലാത്ത ആത്മ സംയമനം പാലിക്കുന്നതും സംശയം ഉണർത്തിയിരുന്നു.