നെടുമ്പാശേരി: വിമാന ജീവനക്കാരിയുടെ പരിശോധനക്കിടെ തമാശക്കായി ബോംബില്ലെന്ന് പറഞ്ഞ ദമ്പതികളുടെ യാത്ര മുടങ്ങി. കൊച്ചി വിമാനത്താവളത്തിലാണ് ഒരു തമാശ യാത്ര മുടക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യത്തിൽ ആസ്വസ്ഥനായി പ്രതികരിച്ച യാത്രക്കാരനായ എൻ.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്.
എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി ആസ്‌ത്രേലിയയിലേക്ക് പോകാനെത്തിയതായിരുന്നു എൻ.എ. ദാസ് ജോസഫ്. ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ഇല്ലെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകുകയായിരുന്നു.
തുടർന്ന് സി.ഐ.എസ്.എഫിന്‍റെ നേതൃത്വത്തിൽ ദമ്പതികളെ പ്രത്യേകമായി പരിശോധന നടത്തുകയായിരുന്നു. ബാഗേജും ദേഹപരിശോധനയും നടത്തിയ ശേഷം ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയെന്ന് കാണിച്ച് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, ഒരു തമാശയായി ബോംബ് ഇല്ലെന്നാണ് പറഞ്ഞതെന്നും അത് ഇത്ര വലിയ ഭവിഷ്യത്ത് വരുത്തി വെക്കുമെന്ന് കരുതിയില്ലെന്നുമാണ് എൻ.എ. ദാസ് ജോസഫ് പ്രതികരിച്ചത്.