തിരുവനന്തപുരം: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (01/07/2022 വെള്ളി) ദുല്‍ഹിജ്ജ ഒന്നും ജൂലൈ 10 ഞായറാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
നേരത്തെ ദക്ഷിണ കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചിരുന്നു. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ദുൽഹിജ്ജ് ഒന്നായി പ്രഖ്യാപിച്ചിരുന്നു. വഞ്ചുവം, പെരുമാതുറ, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി ദൃശ്യമായതെന്നും ഇരുവരും അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതായിനാൽ ദക്ഷിണ കേരളത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നും ബലി പെരുന്നാൾ ജൂലൈ 10നും ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവി, ഖാസിമാരായ കെ കെ സുലൈമാന്‍ മൗലവി, എ ആബിദ് മൗലവി, കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇമാമുമാരായ പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ഇ പി അബൂബക്കര്‍ ഖാസിമി, മൗലവി നവാസ് മന്നാനി പനവൂര്‍ എന്നിവരും അറിയിച്ചു.