ഒ എൻ ജി സി ഹെലികോപ്ടര്‍ അറബിക്കടലില്‍ തകർന്ന് വീണു; നാലുപേര്‍ മരിച്ചു

0
3065

മുംബൈ: ഒ എൻ ജി സി ഹെലികോപ്റ്റർ മുംബൈക്കടുത്ത് അറബിക്കടലിൽ തകർന്ന് വീണു. രണ്ട് പൈലറ്റുമാരടക്കം 9 യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്ടര്‍ അറബിക്കടലില്‍ തകർന്ന് വീണത്. 3 ഒ എൻ ജി സി ജീവനക്കാരടക്കം 4 പേർ അപകടത്തെത്തുടർന്ന് മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഒഎന്‍ജിസിയുടെ മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണത്. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും നാല് പേര്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു.

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.