തൊഴിലുടമയുടെ ആവശ്യമില്ലാതെ നാല് ഘട്ടങ്ങളിൽ ഹുറൂബ് നീക്കൽ, ഘട്ടങ്ങളും നടപടിക്രമങ്ങളും അറിയാം

0
2444

ജിദ്ദ: തൊഴിലുടമ സമർപ്പിച്ച ഹുറൂബ് (തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ) പരാതികൾ റദ്ദാക്കാൻ അനുവദിക്കുന്ന നാല് സാഹചര്യങ്ങളുണ്ടെന്നും അത് തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ നടപ്പാക്കാൻ കഴിയുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ മന്ത്രാലയം അടുത്തിടെ പരിഷ്കരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു.

സ്ഥാപനത്തിന്റെ ഫയൽ റദ്ദാക്കൽ (മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിന്ന്), തൊഴിലുടമ 30 ദിവസത്തിനുള്ളിൽ ഒരു പുതിയ ഫയൽ തുറക്കാത്തിരിക്കൽ, സ്ഥാപനത്തിന്റെ നിതാഖത്ത് പദവി ചുവപ്പായിരിക്കൽ, വേതന സുരക്ഷാ പദ്ധതി 80 ശതമാനത്തിൽ താഴെയായിരിക്കൽ എന്നീ നാല് ഘട്ടങ്ങളിൽ സ്ഥാപനത്തിന്റെ അനുവാദമില്ലാതെ ഹുറൂബ് റിപ്പോർട്ട് റദ്ദാക്കാൻ സാധിക്കും.

തൊഴിൽ നിയമ ചട്ടങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ അനുസരിച്ച്, ഈ സാഹചര്യങ്ങളിലൊന്ന് ഉണ്ടായാൽ, തൊഴിലാളി പുതുതായി ചേരാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലുടമയ്ക്ക് ഹുറൂബ് റിപ്പോർട്ട് റദ്ദാക്കാനും തൊഴിലാളിയുടെ സ്പോൺസർഷിപ്പ് തന്റെ സ്ഥാപനത്തിലേക്ക് കൈമാറാനും കഴിയും. അതിനായി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഇലക്ട്രോണിക് ആയി സാക്ഷ്യപ്പെടുത്തിയ കത്ത് മന്ത്രാലയത്തിന് സമർപ്പിക്കണം. അതേസമയം, തൊഴിലാളിയുടെ എല്ലാ സർക്കാർ ഫീസുകളും തൊഴിലുടമ വഹിക്കുകയും പുതിയ സ്ഥാപനം തൊഴിലാളിയെ സ്വീകരിക്കാൻ യോഗ്യമായ സ്റ്റാറ്റസിൽ ആയിരിക്കുകയും വേണം.

അതേസമയം, ഹുറൂബ് പരാതി സമർപ്പിച്ച് 20 ദിവസത്തിന് ശേഷം തൊഴിലാളികൾക്കെതിരെ നൽകിയ ഹുറൂബ് പരാതി റദ്ദാക്കാൻ തൊഴിലുടമകളുടെ ഭാഗത്തു നിന്ന് സാധിക്കുമെങ്കിലും ചില നിബന്ധനകൾ പാലിച്ചതിന് ശേഷമായിരിക്കും ഇത് സാധ്യമാകുക. ഹുറൂബ് പരാതി റദ്ദാക്കിയ തീയതി മുതൽ 10 ദിവസത്തിനുള്ളിൽ തൊഴിലാളിയുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കുമ്പോൾ കുടിശ്ശികയുള്ള സർക്കാർ ഫീസ് തൊഴിലുടമ നൽകണമെന്നത് ഒരു വ്യവസ്ഥയാണ്. ഇഖാമ പുതുക്കാത്ത സാഹചര്യത്തിൽ തൊഴിൽ ദാതാവിൽ നിന്നുള്ള സത്യവാങ്മൂലവും, കോടതിയിൽ തൊഴിലാളിയുടെ പേരിൽ തീർപ്പുകൽപ്പിക്കാത്ത ഒരു പരാതിയും നിലവിലില്ല എന്ന മറ്റൊരു സത്യവാങ്മൂലവും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ഇവ കൃത്യമായി ഒരു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സാക്ഷ്യപ്പെടുത്തുകയും വേണം. മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ സ്ഥാപനത്തിന്റെ പദവി “നിലവിലില്ല” എന്ന ആയിരിക്കുകയും ചെയ്യരുതെന്ന നിബന്ധനയുമുണ്ട്.