റിയാദ്: റിയാദിൽ തൊഴിലാളികൾ നൽകിയ പരാതിയിൽ കോടതിയുടെ അനുകൂല വിധി. ജോലി ചെയ്യുന്ന കമ്പനിക്കെതിരെ പരാതി നൽകിയ 149 ജീവനക്കാർക്ക് അനുകൂലമായി റിയാദിലെ ലേബർ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
10 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് സാമ്പത്തിക അവകാശങ്ങൾ ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. ശമ്പളം കാലതാമസം നേരിടുന്നുവെന്നും അവധിക്കാല വേതനം ലഭിക്കുന്നുമില്ലെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ കോടതിയെ സമീപിച്ചത്.
ഏപ്രിൽ 22-നാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. 119 ജീവനക്കാരുടെ ആദ്യ ബാച്ചിൽ മെയ് 12 നും 30 പേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പിന്റെ വിധി മെയ് 22 നുമാണ് പ്രസ്താവിച്ചത്.
തൊഴിൽ കരാറുകൾ, വേതനം, തൊഴിൽ അവകാശങ്ങൾ, തൊഴിൽ പരിക്കുകൾക്കുള്ള നഷ്ടപരിഹാരം, തൊഴിലാളികൾക്കെതിരായ തൊഴിലുടമയുടെ അച്ചടക്കനടപടികൾ അല്ലെങ്കിൽ അച്ചടക്ക നടപടികളിൽ നിന്ന് ഒഴിവാക്കാനുള്ള അഭ്യർത്ഥനകൾ എന്നിവ സംബന്ധിച്ച തർക്കങ്ങളാണ് ലേബർ കോടതികൾ പരിഗണിക്കുന്നത്.
തൊഴിൽ നിയമത്തിന് വിധേയമായ തൊഴിൽ കേസുകളോ വീട്ടുജോലിക്കാരുടെ പ്രശ്നങ്ങളോ തർക്കത്തിൽ ഉൾപ്പെട്ട കക്ഷികൾക്ക് Najiz.sa പോർട്ടൽ വഴി ഇലക്ട്രോണിക് രീതിയിൽ ലേബർ കോടതികളിൽ കേസുകൾ ഫയൽ ചെയ്യാൻ നീതിന്യായ മന്ത്രാലയം അവസരമൊരുക്കിയിട്ടുണ്ട്.