ജിദ്ദ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നാട്ടിൽ എല്ലാ ജില്ലകളിലും നടന്നു കൊണ്ടിരിക്കുന്ന സൗഹൃദ സംഗമങ്ങൾക്ക് പ്രവാസ ലോകത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യപിച്ച് കൊണ്ട് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സദസ്സ് മാനവ ഐക്യത്തിൻ്റെ വിളമ്പരമായി മാറി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.

രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ മുസ്‌ലിംകൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ പങ്കാളികളാക്കുകയും അതു വഴി അവരുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ഉറപ്പാക്കുക എന്നതാണ് മുസ്‌ലിം ലീഗിൻ്റെ രൂപീകരണ ലക്ഷ്യമെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പുരോഗതിയും തുല്യ നീതിയും ഉറപ്പാക്കാനും രാജ്യത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും നന്മ ലക്ഷ്യമാക്കിയാണ് എന്നും മുസ്‌ലിം ലീഗ് പ്രവർത്തിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. സമുദായിക സൗഹാർദ്ധത്തിന് എന്നും വലിയ പ്രാധാന്യമാണ് പൂർവ്വകാല ലീഗ് നേതാക്കൾ കല്പിച്ചത്. സീതീ സാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും സഞ്ചരിച്ച മാർഗ്ഗത്തിലൂടെയാണ് സാദിഖലി തങ്ങൾ സഞ്ചരിക്കുന്നതെന്നും കേരളീയ സമൂഹത്തിൽ സ്നേഹവും സൗഹാർദ്ധവും ഊട്ടി ഉറപ്പിക്കാനാണ് തങ്ങൾ സൗഹൃദ സംഗമങ്ങൾ നടത്തുന്നതെന്നും അദ്ധേഹം പറഞ്ഞു. ജിദ്ദ കെഎംസിസി എല്ലാ വിഭാഗം പ്രവാസികളെയും അണി നിരത്തി സംഘടിപ്പിച്ച മഹത്തായ സൗഹൃദ സദസ്സിനെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.
എല്ലാ മത ധർമ്മങ്ങളും അടിസ്ഥാനപരമയി സൗഹൃദവും സമാധാനവും സ്നേഹവുമാണ് പഠിപ്പിക്കുന്നത്. എന്നാൽ ചിലർ വോട്ടിനും അധികാരത്തിനുമായി മതങ്ങളെ ദുരുപയോഗം ചെയ്ത് സമൂഹത്തിൽ വെറുപ്പും വേർതിരിവും വിഭാഗീയതയുമുണ്ടാക്കുന്നത് കൊണ്ടാണ് സമൂഹത്തിൽ അനൈക്യവും കലാപവും ഉണ്ടാകുന്നെതെന്ന് പ്രമുഖ പ്രഭാഷകനും എസ് എം എഫ് നേതാവുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. ബഹുസ്വര സമൂഹത്തിൽ മുസ്‌ലിംകൾ എങ്ങിനെ ജീവിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട് സഹ സമുദായങ്ങളോട് കരുണ കാണിക്കാനും നല്ലരീതിയിൽ പെരുമാറാനുമാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഇസ്‌ലാമിന്റെ സാർവ്വലൗകീകതയും മാനവീകതയും മനസ്സിലാക്കാതെ പലരും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും തെറ്റായി വായിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
വസുദൈവ കുടുംബകം എന്ന ഉദാത്തമായ കാഴ്ചപാട് മുന്നോട്ട് വെക്കുന്ന ഹൈന്ദവ ധർമ്മവും ക്രൈസ്തവ ധർമ്മവുമൊക്കെ പരമമായ ശാന്തി സമാധാനവും സഹജീവി സൗഹൃദവുമാണ് പഠിപ്പിച്ചിട്ടുള്ളത് എന്ന് വിവിധ മത വേതഗ്രന്ഥങ്ങൾ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം വിശദീകരിച്ചു. ലോകത്തെ ക്രൈസ്തവർക്ക് ഏറ്റവും പുണ്യമാക്കപ്പെട്ട ഫലസ്തീനിലെ ഹോളിസ ഫേൽക്കർ ചർച്ച് ദിവസവും ക്രൈസ്തവർക്ക് ആരാധനക്കായ് തുറന്ന് കൊടുക്കുന്നത് ഒരു മുസ്‌ലിം കുടുംബമാണ്. അവരാണ് ആ പാവനമായ ദേവാലയത്തിൻ്റെ താക്കോൽ സൂച്ചിപ്പുകാർ. ക്രൈസ്തവ അവാന്തരവിഭാഗങ്ങൾ ഈ ദേവാലയത്തിൻ്റെ പേരിൽ പരസ്പരം ചേരിതിരിഞ് പോരാടിയപ്പോൾ സുൽത്താൻ സലാഹുദ്ധീൻ അയ്യൂബിയാണ് ഇങ്ങിനെ മനോഹരമായ പരിഹാരം കണ്ടത്. നൂറ്റാണ്ടുകൾ പിന്നിട്ടു ഇന്ന് ഈ താക്കോൽ സൂക്ഷിപ്പുകാരനായ ഹാജിവജീഹിനെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മുസ്‌ലിം സാഹോദര്യത്തിൻ്റെ ലോക മാതൃകയാണിതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ എടുത്തു പറഞ്ഞു.
ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംഘടന നേതാക്കളും വ്യവസായ പ്രമുഖരും മാധ്യമ പ്രവർത്തകരും എഴുത്തുകാരും കെ.എം.സി.സി നേതാക്കളുമടങ്ങിയ സൗഹൃദസദസ്സ് പ്രവാസ ലോകത്തിന് നവ്യാനുഭവം പകർന്നതോടൊപ്പം മത സൗഹാർദ്ധത്തിൻ്റെയും ഉന്നത മാനവീകതയുടെയും ഒരുമയുടെയും ഉജ്ജ്വല പ്രഖ്യാപനമായി മാറി.
പരിപാടിയിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ഡോ.ഇസ്മായീൽ മരുതേരി സമാപന പ്രസംഗം നടത്തി. എസ് ഐ സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങൾ മേലാറ്റൂർ ഖുർആൻ മാനവീക സന്ദേശം നൽകി. അരുവി മോങ്ങം സൗഹൃദ സന്ദേശ കവിത അവതരിപ്പിച്ചു. മിർസ ശരീഫ് സ്നേഹ സംഗീതം ആലപിച്ചു.
വ്യവസായ പ്രമുഖരായ വി.പി.മുഹമ്മദലി, ഫായിദ അബ്ദുറഹ്മാൻ, ഡോ. ജംഷീദ്, റഹീം പട്ടർ കടവൻ, മാധ്യമ പ്രവർത്തകരായ മുസാഫിർ, ടി. പി ഹസ്സൻ ചെറുപ്പ, ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ വിവിധ സംഘട പ്രതിനിധികളായ വർഗ്ഗീസ് ഡാനിയൽ, മോഹൻ ബാലൻ, ബഷീർ വള്ളിക്കുന്ന്, ദാസ് മോൻ കോട്ടയം, സലീം മുല്ലവീട്ടിൽ, മൈത്രി ഉണ്ണി, വി.പി.മുസ്തഫ, സക്കീർ എടവണ്ണ,വിലാസ് അഡൂർ പത്തനംതിട്ട, മജീദ് നഹ ,നജ്മുദ്ധീൻ ഹുദവി, അബ്ബാസ് ചെമ്പൻ, ഡോ.ബിൻയാം, ശ്രീജിത്ത് കണ്ണൂർ, പി.പി.റഹീം, ഗഫൂർ പൂങ്ങാടൻ, സലാഹ് കാരാടൻ, കെ ഐ ജി ബഷീർ, ശാഫി ആലപ്പുഴ, ഡോ. അശ്റഫ് , സൈക്കോ ഹംസ, നസീർ വാവ കുഞ്ഞ്, ജീപാസ് സിദ്ധീഖ്, ലത്തീഫ് കാപ്പുങ്ങൽ, സയ്യിദ് അൻവർ തങ്ങൾ, നൗഫാർ കോഴിക്കോട്, ഫൈസൽ വാഴക്കാട്, നൗഷാദ് ഇബ്‌റാഹീം എന്നിവർ പ്രസംഗിച്ചു. നാട്ടിൽ സമാധാനവും സൗഹൃദവും നിലനിൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പ്രവാസികളാണെന്നും സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇത്തരം സംഗമങ്ങളും സദസ്സുകളും അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച പ്രസംഗകർ ഇതിന് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സിയെ മുക്ത ഖണ്ഡം പ്രശംസിച്ചു.
ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. സി.കെ റസാഖ് മാസ്റ്റർ, വി.പി.അബ്ദുറഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം, ലത്തീഫ് മുസ്‌ലിയാരങ്ങാടി, എ.കെ. ബാവ , ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സീതി കൊളക്കാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.