ദമാം: ഉക്രൈൻ മാൾഡോവ അതിർത്തിയിൽ യുദ്ധമുഖത്ത് നിന്നും പലായനം നടത്തിയ ഇന്ത്യൻ വിദ്യാർഥികൾക്കും ഉക്രൈൻ പൗരന്മാർക്കും രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ മെഡിക്കൽ വിദ്യാർഥികളെ എറണാകുളം ജില്ലാ കെഎംസിസി കുടുംബ സംഗമത്തിൽ അനുമോദിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റഷ്യ – ഉക്രൈൻ കര, വ്യോമ യുദ്ധം കൊടുമ്പിരി കൊണ്ട ഭീതി ജനകമായ ദിനങ്ങളിൽ മൈനസ് ഇരുപത് വരെയുള്ള പ്രതികൂല കാലാവസ്ഥയിൽ രണ്ടാഴ്ച നീണ്ട റെസ്ക്യൂ പ്രവർത്തന ദിനങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഹമ്മദ് ഫവാസും ഫർഹ ഫാത്വിമയും അനുഭവങ്ങൾ പങ്ക് വെച്ചു വിവരിച്ചു. യൂറോപ്യൻ യൂണിയൻ കെഎംസിസി നേതാക്കൾക്ക് പുറമെ
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെഎംസിസി നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും തദവസരത്തിൽ നൽകിയ മാനസിക പിന്തുണ വളരെ വലുതാണെന്നും തങ്ങളെ പോലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പ്രതിസന്ധിയിൽ കഴിഞ്ഞ വരെ ഹൃദയം കൊണ്ട് ചേർത്ത് പിടിക്കാൻ കഴിഞ്ഞ ദിനങ്ങൾ ജീവിതത്തിൽ എല്ലാവിധ പ്രതിസന്ധികളെയും നേരിടാൻ കരുത്ത് പകരുന്നതാണെന്നും ജുബൈൽ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഇരുവരും പറഞ്ഞു.
കെഎംസിസി യുടെ വിദ്യാർഥി വിഭാഗം ചങ്ങാതിക്കൂട്ടം ഭാരവാഹികളായിരുന്ന ഫവാസും ഫർഹയും ആലുവ പാനായിക്കുളം സ്വദേശി കളരിപ്പറമ്പ് ശരീഫിൻ്റയും ലൈലയുടെയും മക്കളാണ്.
ജില്ലാ പ്രസിഡൻ്റ് സാദിഖ് ഖാദർ അധ്യക്ഷത വഹിച്ച കുടുംബ സംഗമം കിഴക്കൻ പ്രവിശ്യാ കെഎംസിസി സെക്രട്ടറി ഹമീദ് വടകര ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കെഎംസിസി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ, ജില്ലാ കെഎംസിസി സീനിയർ വൈസ് പ്രസിഡൻ്റ് ആസാദ് കലൂർ എന്നിവർ ഉപഹാരം കൈമാറി. മുജീബ് കൊളത്തൂർ, ഇക്ബാൽ ആനമങ്ങാട്, ശരീഫ് ആലുവ എന്നിവർ സംസാരിച്ചു.
ഹമീദ് കുട്ടമശ്ശേരി ഖിറാഅത്ത് നടത്തി. ജില്ലാ കെഎംസിസി ഉദേശക സമിതി അംഗം സിറാജ് ആലുവ സ്വാഗതവും അലിയാർ വടാട്ടു പാറ നന്ദിയും പറഞ്ഞു. ജില്ലാ കെഎംസിസി നേതാക്കളായ സൈനുദ്ദീൻ ചേലക്കുളം, രജീഷ് ഓടക്കാലി, അൻസാർ കോട്ടപ്പടി എന്നിവർ നേതൃത്വം നൽകി.