റിയാദ്: സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകൾ എന്നിവ പഴയ സ്പോൺസർ തന്നെ അടക്കണമെന്ന നടപടി ഖിവ പ്ലാറ്റ്ഫോം നടപ്പാക്കി തുടങ്ങി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ, പുതിയ സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകളും ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തിയതിനുള്ള പിഴകളും ഇനി പുതിയ സ്ഥാപനങ്ങൾക്ക് ബാധ്യതയാകില്ല.
ജൂണ്‍ ഒമ്പതിനും അതിനു ശേഷവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്ന തൊഴിലാളികളുടെ കാര്യത്തിലാണ് ഈ നടപടി നടപ്പിലാക്കി തുടങ്ങിയത്. ഇത്തരം തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകളും പിഴകളും ഇനി മുതൽ പുതിയ സ്ഥാപനങ്ങളുടെ മേല്‍ ചുമത്തില്ല. ഇതെല്ലാം പഴയ തൊഴിലുടമകളുടെ പേരിലാണ് രേഖപ്പെടുത്തുക.
സ്പോൺസർഷിപ്പ് മാറ്റം നടത്തുന്ന ഖിവാ പ്ലാറ്റ്‌ഫോം ഇത് നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ ഒമ്പതിനു മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയ തൊഴിലാളികള്‍ക്ക് പുതിയ തീരുമാനം പ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല. ഇതുവരെ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനങ്ങളാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ലെവി കുടിശ്ശികകളും ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തുന്നതിനുള്ള പിഴകളും വഹിക്കേണ്ടിയിരുന്നത്. പ്രതീക്ഷിക്കാത്ത അധിക ബാധ്യതകള്‍ ഒഴിവാക്കി മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.