മദീനയിൽ നിന്ന് മലയാളി ഹജ്ജ് സംഘം തിങ്കളാഴ്ച മുതൽ മക്കയിലേക്ക്, വിഖായ ഹെൽപ്പ് ഡസ്ക് സജീവമായി

0
852

മക്ക/മദീന: ഇന്ത്യയിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ തീർഥാടകരുടെ ആദ്യ സംഘം മദീന സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ മക്കയിലെത്തി തുടങ്ങും. ഇന്ത്യയിൽ നിന്ന് ആദ്യ ദിനം എത്തിയ മലയാളി ഹാജിമാരാണ് മക്കയിലേക്കുള്ള ആദ്യ സംഘത്തിൽ ഉണ്ടാകുക. ഈ മാസം നാല്, അഞ്ച് തീയതികളിൽ കേരളത്തിൽ നിന്നും എത്തിയ ആദ്യ രണ്ട് വിമാനങ്ങളിലെ 753 തീർഥാടകരാണ് മദീന സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച മക്കയിൽ എത്തിച്ചേരുക.

മദീനയിൽ എത്തിയ ഹാജിമാരിൽ എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് മക്കയിലേക്ക് പുറപ്പെടുന്നത്. പ്രവാചക ഖബറിടം, മസ്ജിദുൽ ഖുബ, മസ്ജിദുൽ ഖിബിലതൈൻ, ഉഹ്ദ്, ഖൻദഖ് ഉൾപ്പെടെ മദീനയിലെ മറ്റ് പുണ്യകേന്ദ്രങ്ങളും ഹാജിമാർ സന്ദർശിക്കുന്നുണ്ട്. പിന്നീടുള്ള ഓരോ ദിവസങ്ങളിലും എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാർ ക്രമപ്രകാരം ഓരോ ദിവസവും മക്കയിലേക്ക് നീങ്ങും.

പ്രഭാത നമസ്കാരവും പ്രാർഥനയും നിർവഹിച്ച് മക്കയിലേക്ക് യാത്ര പുറപ്പെടാൻ തയാറാകണമെന്ന് മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ തീർഥാടകരെ അറിയിച്ചിട്ടുണ്ട്. ആദ്യ സംഘം രാവിലെ 7 മണിക്ക് മദീനയിൽ നിന്ന് എട്ട് ബസ്സുകളിലായി പുറപ്പെട്ട് ഉച്ചയോട് കൂടി മക്കയിലെ അസീസിയയിലുള്ള മഹത്വതുൽ ബങ്ക്ൽ ബിൽഡിംഗ് നമ്പർ 1 ൽ എത്തിചേരും. അസീസിയയിൽ തന്നെയാണ് ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലുള്ള മുഴുവൻ ഹാജിമാർക്കും താമസകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഹാജിമാരെ സ്വീകരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ മക്കയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹറമിൽ നിന്നും അൽപം അകലെയുള്ള ഈ പ്രദേശത്ത് നിന്നും ഹാജിമാർക്ക് ഹറമിൽ പോയി വരാനുള്ള ഗതാഗത സൗകര്യം ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഹാജിമാർക്ക് ഭക്ഷണം പാകം ചെയ്തു കഴിക്കാനുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്. മദീനയിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിൽ ഹാജിമാർ പ്രയാസം നേരിടുന്നുണ്ട്.

രാവിലെ 7 മണിക്ക് മദീനയിൽ നിന്ന് എട്ട് ബസ്സുകളിലായി പുറപ്പെട്ട് ഉച്ചയോട് കൂടി മക്കയിലെ അസീസിയയിലുള്ള മഹ്തത്തുൽ ബങ്ക്ൽ ബിൽഡിംഗ് നമ്പർ 1 ൽ എത്തിചേരും. ഇവരെ സ്വീകരിക്കാൻ സമസ്ത ഇസ്‌ലാമിക് സെന്ററിന് കീഴിലുള്ള വിഖായ ഹജ്ജ് സെൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാജിമാരെ ഉച്ചഭക്ഷണവും, മുസല്ലഅടങ്ങിയ ക്വിറ്റും നൽകി വളണ്ടിയർ മാർ സ്വീകരിക്കുമെന്ന് മക്ക വിഖായ ഹജ്ജ്സെൽ ഭാരവാഹികൾ അറിയിച്ചു.

ഹാജിമാരുടെ സേവനത്തിനായി 24 മണിക്കുറും ബന്ധപ്പെടാവുന്ന ഹെൽപ്പ്ലൈൻ ഡെസ്കും വിഖായ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പർ: മുനീർ ഫൈസി, ഫരീദ് ഐക്കരപ്പടി, ജാസിം, ഷക്കീർ, മാനു തങ്ങൾ, ഫാറൂഖ് എന്നിവരെ 054 26 74 822, 055 13 88 706, 056 74 18 610, 056 43 14 567, 056 26 91 714, 056 62 50 230 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.