കരിപ്പൂർ: സഊദിയിലേക്ക് പുതിയ വിസയിൽ വരുന്ന യുവാവിന് ബോർഡിങ് നൽകാതെ മടക്കിയെന്ന് പരാതി. തൊഴിൽ വിസയിൽ സഊദിയിലേക്ക് പോകാനായി കരിപ്പൂർ എയർപോർട്ടിലെത്തിയ വേങ്ങര സ്വദേശിക്കാണ് ദുരനുഭവം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയിലെ ചില വിമാനത്താവളങ്ങളിലേക്ക് സന്ദർശക വിസക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ചൂണ്ടികാട്ടിയാണ് പുതിയ തൊഴിൽ വിസയിൽ പോകാനായി എത്തിയ ഇദ്ദേഹത്തെയും എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റാഫ് ബോഡിംഗ് നൽകാതെ മടക്കി അയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബോഡിംഗ് കൗണ്ടറിലെത്തിയപ്പോൾ വിസിറ്റിംഗ് വിസക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരൻ യാത്രാക്കാരനെ മടക്കി അയച്ചത്. തന്റെ വിസ തൊഴിൽ വിസയാണെന്നും വിസിറ്റിംഗ് വിസയല്ലെന്നും ബോധ്യപ്പെടുത്തിയിട്ടും കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ബോഡിംഗ് നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് യാത്രക്കാരൻ പറയുന്നത്.
നിലവിൽ സഊദിയിലെ ജിദ്ദ, മദീന, യാമ്പു, ത്വാഇഫ് എന്നീ നാല് വിമാനത്താവളങ്ങളിൽ വിസിറ്റിംഗ് വിസക്കാർക്ക് വിലക്കുണ്ട്. 9 ആം തീയതി മുതൽ നിലവിൽ വന്ന ഈ വിലക്ക് ഹജ്ജ് അവസാനിക്കും വരെ നീണ്ട് നിൽക്കും. ഹജ്ജ് പ്രമാണിച്ചാണ് ഈ നിയന്ത്രണം കൊണ്ട് വന്നത്. എന്നാൽ, തൊഴിൽ വിസക്കാർക്ക് ഈ വിലക്ക് ബാധകമല്ല. സന്ദർശക വിസക്കാർക്ക് മാത്രമാണ് ബാധകമെന്ന് അധികൃതർ സംശയത്തിനിട നൽകാതെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ ഇതൊന്നും നോക്കാതെ ബോർഡിങ് നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതെ സമയം തന്നെ ഇൻഡിഗോ പോലുള്ള മറ്റു എയർലൈനുകൾ ജിദ്ദയിലേക്ക് പുതിയ വിസക്കാർക്ക് ബോഡിംഗ് നൽകുന്നുമുണ്ടായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരന്റെ തീർത്തും നിരുത്തവാദിത്വപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.