ദുബൈ: ശരവേഗത്തിൽ ചീറിപ്പായുന്ന ഗൾഫ് നിരത്തുകളിൽ ഈ കേരള രജിസ്റ്റർbസ്‌കൂട്ടർ കണ്ട് ഞെട്ടേണ്ട. ഇത് നമ്മുടെ പിള്ളേർ തന്നെയാ. മണിക്കൂറിൽ ഇടിമിന്നൽ പോലെ കുതിക്കുന്ന അത്യാഡംബര കാറുകൾ കയ്യടക്കിയ നിരത്തുകളിൽ 2000 മോഡൽ ചേതക് സ്‌കൂട്ടറുമയാണ് ഇരുവരും ഗൾഫ് ചുറ്റുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാസർകോട് നായന്മാർമൂല സ്വദേശികളായ അഫ്സലും ബിലാലുമാണ് കേരള രജിസ്ട്രേഷൻ ചേതക്കുമായി ലോക പര്യടനത്തിന് ഇറങ്ങിയത്. ആറു മാസമായി തുടങ്ങിയ യാത്രയുടെ വിദേശപര്യടനത്തിനാണ് ഇരുവരും ദുബൈയിൽ എത്തിയത്.
ഇന്ത്യ മുഴുവൻ കറങ്ങിയ ശേഷമാണ് ഇരുവരും ഉലകം ചുറ്റുന്നതിനായി ഗൾഫിൽ എത്തിയത്. ഇന്ത്യയോട്ടാകെ 8000 കിലോമീറ്ററിൽ ഈ ചേതകിൽ കറങ്ങിയ ശേഷമായിരുന്നു ദുബൈ യാത്ര. അഫ്ഗാനിസ്ഥാൻ വഴി റോഡ് മാർഗം എത്താനായിരുന്നു പദ്ധതിയെങ്കിലും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളോടെ ഈ പദ്ധതി തകിടം മറിഞ്ഞു. പിന്നീട് എങ്ങനെയെങ്കിലും ദുബൈയിൽ എത്തലായിരുന്നു ലക്ഷ്യം.
അങ്ങനെ കൊച്ചിയിൽനിന്ന് കപ്പൽ മാർഗം ചേതക് ദുബൈയിൽ എത്തിക്കുകയായിരുന്നു. ദുബൈയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ശേഷം പത്ത് രാജ്യങ്ങളിലേക്ക് പോകാനാണ് പദ്ധതി. നിലവിൽ യു.എ.ഇ യിൽ ഉള്ള ഇവർ വിവിധ എമിറേറ്റുകൾ കറങ്ങിയ ശേഷം അടുത്ത ലക്ഷ്യ സ്ഥാനമായ ഒമാനിലേക്ക് തിരിക്കും.
ചേതക് സ്‌കൂട്ടറിൽ ചെറിയൊരു പെട്ടി സജ്ജീകരിച്ചാണ് ഇരുവരുടെയും യാത്ര. എന്നാൽ, ഇത് വെറുമൊരു പെട്ടിയാണെന്ന് കരുതേണ്ട. മൊബൈലുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഈ പെട്ടി. മൊബൈലിൽ നിർദേശം നൽകുന്നതിനനുസരിച്ച് പെട്ടിയിലെ ഫ്ലാഗുകൾ ഉയരുകയും താഴുകയും ചെയ്യും. ചിത്രങ്ങളും മാറി മറയും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പ്രധാന സ്ഥലങ്ങളും സംസ്കാരവും സ്കൂട്ടറിലെ പെട്ടിയിൽ വായിച്ചെടുക്കാം. ലഹരിക്കെതിരായ സന്ദേശവും വാഹനത്തിൽ പതിപ്പിച്ചിരിക്കുന്നു.
കെ.എൽ-14 എ.ബി 3410 ആണ് ഇവരുടെ ചേതക്കിന്‍റെ നമ്പർ. ഈ നമ്പറിനും ഒരു പ്രത്യേകതയുണ്ട്. അഫ്സലിന്‍റെയും ബിലാലിന്‍റെയും പേരിന്‍റെ ആദ്യ അക്ഷരമായ എ.ബിയാണ് ഇവർ രജിസ്ട്രേഷനായി തിരഞ്ഞെടുത്തത്. ജീവിതം എന്നാൽ വെറുതെ ജീവിച്ചു മരിക്കേണ്ടതല്ലെന്നും ആസ്വദിക്കേണ്ടതാണെന്നും കുടുംബക്കാരുടെ പിന്തുണയോടെയാണ് തങ്ങളുടെ യാത്രയെന്നും 20 ഉം 21 ഉം വയസുള്ള അഫ്സലും ബിലാലും പറയുന്നു. ഇരുവരും ഇവരേക്കാൾ പ്രായമുള്ള ചേതക്കുമായാണ് കറങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.