ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയ്ക്കായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-നാണ് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.
അടുത്ത രാഷ്ട്രപതിയായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്‌കെ, ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകള്‍ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണറാണ് അനുസൂയ. ദ്രൗപതി മുര്‍മു ജാര്‍ഖണ്ഡ് മുന്‍ഗവര്‍ണറും.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, രാജ്യതലസ്ഥാന പ്രദേശമായ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക.
അതേസമയം, രാജ്യസഭയിലെയും ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗണ്‍സിലിലെ അംഗങ്ങള്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.
എൻ.ഡി.എ. ഘടകകക്ഷികൾ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് എന്നീ കക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിക്കുന്ന ബിജെപി കാര്യമായ വെല്ലുവിളി കൂടാതെ തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണ്. പ്രതിപക്ഷമാകട്ടെ പൊതുസമ്മതനായ ഒരാളെ മത്സരിപ്പിച്ചേക്കും. ജാതി സെൻസസ് വിഷയത്തിൽ ബിജെപിയുമായി ഉടക്കി നിന്ന നിതീഷ് കുമാറിന്റെ നിലപാട് നിർണായകമാകും.