ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; ശക്തമായ പ്രതിഷേധവുമായി അറബ് ലോകം, അംബാസിഡറെ നേരിട്ട് വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍, അപലപിച്ച് ഒ ഐ സി

0
9072

ദുബൈ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഭരണ കക്ഷിയായ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ അതിശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക, ഗൾഫ് രാജ്യങ്ങൾ. ബിജെപി ദേശീയ വക്താവ് നുപൂർ ശർമ്മ പ്രവാചകനെ അവഹേളിക്കും വിധം നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ ഗൾഫ് രാജ്യങ്ങളും സഖ്യങ്ങളും രംഗത്തെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി പ്രതിഷേധം അറിയിച്ചു. ഇന്ത്യയിൽ ഇസ്‌ലാം മതത്തോടുള്ള വിദ്വേഷവും ദുരുപയോഗവും വർധിക്കുകയാണെന്നും മുസ്‌ലിംകൾക്കെതിരായ വ്യവസ്ഥാപിത നടപടികളുടെയും നടന്ന് വരുന്നുവെന്നും അതിനിടയിലും ഇത്തരം കാര്യങ്ങൾ ഉയരുന്നതെന്നത് ആശങ്കയുയർത്തുന്നതാണെന്നും ഇസ്‌ലാമിക സഹകരണ കോർപറേഷൻ സെക്രട്ടെറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും മതപരവും സാംസ്കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ അധികാരികൾ തയ്യാറാകണമെന്ന് ഒ ഐ സി ആഹ്വാനം ചെയ്തു.

അതിശക്തമായ പ്രതികരണമാണ് ഖത്തർ നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ദീപക് മിത്തലിനെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ പ്രതിഷേധമറിയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ വന്ന പ്രസ്താവനകളെ ഔദ്യോഗികമായി അപലപിക്കുന്ന കത്താണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ദീപക് മിത്തലിന് കൈമാറിയത്. ഉപരാഷ്ട്രപതിയും സംഘവും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സമയത്താണ് ഈ സംഭവം.

പ്രവാചകനും സഹധർമിണിക്കുമെതിരെയുള്ള പരാമർശം ലോകത്തുള്ള ഓരോ മുസ്‌ലിമിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ശൈഖ് അൽ ഖലീലി ട്വീറ്റ്‌ ചെയ്തു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ അറബ് രാജ്യങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നു.

അതിനിടെ, ലോകാടിസ്ഥാനത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നുപൂര്‍ ശര്‍മ മാപ്പുമായി രംഗത്തെത്തി. പാർട്ടിയിൽ നിന്ന് സസ്പെൻസ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് മാപ്പുമായി ഇവർ രംഗത്തെത്തിയത്. തന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും വ്യക്തമാക്കി ദേശീയ വക്താവ് നുപൂര്‍ ശര്‍മ ട്വീറ്റ് ചെയ്തു.

പാര്‍ട്ടി ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബി.ജെ.പി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്നും ഏതെങ്കിലും മതത്തേയോ വ്യക്തികളെയോ അവഹേളിക്കുന്നതിനെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.

‘ഇല്ലാ റസൂലല്ലാഹ് യാ മോദി’ പ്രവാചകനെതിരെയുള്ള അപകീർത്തി പരാമർശത്തിൽ അറബ്, ഗൾഫ് ലോകത്ത് ശക്തമായ പ്രതിഷേധം