ജിദ്ദ : ലിബറലിസം അധാർമികതയെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അത് സാമൂഹിക ഭദ്രതയെ തകർക്കുമെന്നും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുമെന്നും മൗലവി അലി ശാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘കോവിഡാനന്തര കുടുംബ വിശേഷങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സാമ്പത്തിക, വ്യവസായിക, വിദ്യാഭ്യാസ മറ്റ് ഇതര മേഖലകളെയും ബാധിച്ച കോവിഡ് കാലഘട്ടം രണ്ടര വർഷക്കാലം ജനജീവിതത്തിന്റെ സകല മേഖലകളേയും കർശന നിയമങ്ങൾ കൊണ്ട് അടച്ചിട്ടു. എന്നാൽ കോവിഡ് ഏറ്റവും മാരകമായി ബാധിച്ചത് മനുഷ്യന്റെ ധാർമിക മൂല്യങ്ങളേയും നല്ല ചിന്തകളേയുമാണ്.
ലിബറലിസവും നിരീശ്വരവാദ ചിന്തകളും യുക്തിസംവാദങ്ങൾക്കപ്പുറം ഒരു സമൂഹത്തെ ഒറ്റപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അസാന്മാർഗിക ചർച്ചകൾക്കാണ് ലോകം ദിനേന കാതോർത്തു കൊണ്ടിരിക്കുന്നത്, അക്രമവും കൊലയും അനാശ്യാസപ്രവർത്തനങ്ങളും ഗണ്യമായ രീതിയിൽ സമൂഹത്തിനിടയിൽ വർധിച്ചു. കൊല്ലപ്പെട്ടവനും കൊന്നവനും അവർ കൊന്നതും കൊല്ലപ്പെട്ടതും എന്തിനാണെന്ന് അറിയാതെ പോവുന്ന ഒരു കാലം വന്നെത്തുമെന്ന പ്രവാചകാധ്യാപനം ശരിവെക്കുന്ന തരത്തിലുള്ള കൊലപാതക പരമ്പരകൾ സമൂഹത്തിൽ വർധിച്ചു കൊണ്ടിരിക്കുന്നു. മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ അസാധാരണമായ വർധനവാണ് കോവിഡ് കാലത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരവും ജീവിതവും ദൈവമാർഗത്തിൽ മുന്നോട്ടു കൊണ്ട് പോവുക എന്നത് നിർബന്ധമാണ്. അതിന് മതനിയമങ്ങളും അതിലെ ധാർമികമൂല്യങ്ങളും അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നില്കാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് ഇന്റർനെറ്റിന്റേയും മെബൈൽ ഫോണുകളുടേയും അനിയന്ത്രിത ഉപയോഗത്താൽ അടച്ചിട്ട മുറിയിലേക്ക് കടന്നുവന്ന സ്വതന്ത്രതാവാദവും പുരോഗമനാശയങ്ങളും കവർന്നെടുത്തത് നമ്മുടെ മക്കളുടെ നൈതിക മൂല്യങ്ങളെയാണ്. അതു കാരണത്താൽ നിലച്ചു പോയ ദൈവിക ചിന്തകളും ധാർമിക പഠനങ്ങളുടെയും കുറവ് മനുഷ്യരിൽ ലിബറലിസത്തിന്റെ അമിതമായ കടന്നു കയറ്റത്തിനു കാരണമാവുകയും സ്വതന്ത്ര ചിന്തകളെന്ന പേരിൽ ഏത് തിന്മയെയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്ന ഒരു യുവസമൂഹം ഈ കോവിഡ് കാലഘട്ടത്തിൽ വളർന്നു വന്നു. ആർക്കും ആരെയും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കു കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.
കാര്യകാരണങ്ങളില്ലാതെ ബന്ധം പിരിയുന്ന കുടുംബബന്ധങ്ങളും മാതാപിതാക്കളോടുള്ള കടപ്പാടുകൾ തമസ്കരിക്കുന്ന മക്കളുടെയും എണ്ണം സമൂഹത്തിൽ വർധിച്ചു വരുന്നു. വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും കടന്നു വന്ന പുതിയ പുതിയ ആഘോഷങ്ങൾ സഭ്യതയുടെ സീമകൾ ലംഗിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ദൈവവിശ്വാസവും ധര്‍മബോധവുമൊക്കെ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ഇല്ലാതാവുന്ന പരിസരത്താണ് നാം ജീവിക്കുന്നത്. ധര്‍മ്മനിഷേധവും മതനിരാസവും പതുക്കെ അരിച്ചരിച്ചു നമ്മുടെ വീട്ടുപടിക്കലേക്കും വരുന്നെത്തി. അതു ക്രമേണ നിരീശ്വരത്വത്തിലേക്കു വഴിമാറി തുടങ്ങി. ധാർമികമൂല്യങ്ങളെയും മതനിയമങ്ങളെയും പൊതുജനമധ്യത്തിൽ പരിഹാസ്യരൂപേണ ചർച്ചക്ക് വിധേയമാക്കി യുവാക്കളുടെ മനസ്സുകളിൽ നിന്നും സൽചിന്തയെ ബോധപൂർവം മാറ്റിനിർത്താൻ നിർബന്ധിപ്പിക്കുന്നു. ഏറെ മൂല്യവത്തായ ധാര്‍മിക മൂല്യങ്ങളോട് പലര്‍ക്കും പുഛമായി. നന്മയുടെയും ശാന്തതയുടെയും സമാധാന ജീവിതത്തിന്റെയും വലിയ സന്ദേശമാകുന്ന ഇസ്ലാം മതത്തെ വ്യക്തി ജീവിതത്തിന്റെ സ്വതന്ത്ര വിഹാരത്തിന് വിലങ്ങു തടിയായി നിൽക്കുന്ന പ്രാകൃത നിയമങ്ങളുടെ പ്രത്യയ ശാസ്ത്രമായി അവതരിപ്പിക്കപ്പെട്ടു. പവിത്രമായ വൈവാഹിക ജീവിതത്തെ ഒരു താലിച്ചരടിൽ കെട്ടിയിടുന്ന അടിമത്വ നടപടിയായി ആരോപിക്കപ്പെട്ടു. സ്വന്തം ശരീരവും ജീവിതവും തങ്ങൾക്കിഷ്ടപ്പെടുന്ന രീതിയിൽ വിനിയോഗിക്കാൻ ശ്രമിക്കുമ്പോൾ ധർമ്മങ്ങൾക്കുസൃതമായി അതിന് അതിർവരമ്പുകൾ നിശ്ച്ചയിക്കാൻ തുനിയുന്ന ഇസ്ലാം പ്രതികൂട്ടിലാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹികാരോഗ്യത്തിന്റെ കാര്യത്തിൽ കോവിഡാനന്തര ലോകം വൻ നഷ്ടത്തിലാണ് എന്നദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളിൽ മതമൂല്യങ്ങളിൽ അതിഷ്ഠിതമായ ധാർമിക ബോധം വളർത്തുകയാണ് ഇതിന് നമുക്ക് മുന്നിലുള്ള പരിഹാരമെന്നു അദ്ദേഹം ഓർമപ്പെടുത്തി.കൃത്യമായ ദൈവചിന്തക്ക് മാത്രമേ മനുഷ്യനെ ധാർമികമായി സംസ്കരിക്കാനാവൂ എന്നദ്ദേഹം പ്രവാചക നിയോഗത്തിന്റെ ചരിത്രത്തിലൂടെ സദസ്യരെ ബോദ്ധ്യപ്പെടുത്തി. കോവിഡിനാൽ മാറ്റിമറിക്കപ്പെട്ട ധാർമ്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ദൈവീക ഗ്രന്ഥമായ പരിശുദ്ധ ഖുർആനിനെ ജീവിതവുമായി കൂട്ടി ചേർക്കണമെന്നും അലി ശാക്കിർ മൗലവി ആവശ്യപ്പെട്ടു.
ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.