സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നെടുത്ത് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

0
3379

ജിദ്ദ: സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നെടുത്ത് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കൊല്ലം പുത്തൂർ തെക്കുംഞ്ചേരി പൂമംഗലത്തുവീട്ടിലെ ബാലകൃഷ്ണൻ (37) ആണ് മരിച്ച മലയാളി. നേപ്പാൾ സ്വദേശിയാണ് മരണപ്പെട്ട മറ്റൊരാൾ. യാമ്പുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് ബാലകൃഷ്ണൻ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്പനിയിലെ സഹപ്രവർത്തകനെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തിൽപെട്ടത്. റാബിഖിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.

ബാലകൃഷ്‌ണൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ബാലകൃഷ്ണനും നേപ്പാൾ സ്വദേശിയും സംഭവസ്ഥലത്ത് മരണപ്പെട്ടു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

10 വർഷത്തോളം വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽദോസരി യൂനിറ്റ് അംഗമായിരുന്നു.

പരേതനായ പൂമംഗലത്തുവീട്ടിലെ സുബ്രൻ ആണ് പിതാവ്. അമ്മ: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണൻ. മക്കൾ: ബിബിൻ കൃഷ്ണ, അമൽ കൃഷ്ണ. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കാനായി ‘അബൂ ബുശൈത്ത്’ കമ്പനി അധികൃതരും യാംബുവിലെയും റാബിഖിലേയും കെ.എം.സി സി, നവോദയ എന്നീ സംഘടനകളുടെ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.