റിയാദ്: ഇഖാമ പ്രൊഫഷൻ മാറുന്നതിന് വിദേശ തൊഴിലാളികളുടെ സമ്മതം ആവശ്യപ്പെടുന്ന വ്യവസ്ഥ റദ്ദാക്കി. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് (എംഎച്ച്ആർഎസ്‌ഡി) കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന വ്യവസ്ഥയാണ് എടുത്ത് കളഞ്ഞത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്ലാറ്റ്‌ഫോമിൽ അടുത്തിടെ ഉൾപ്പെടുത്തിയ എട്ട് പ്രൊഫഷനുകൾക്ക് ഇത് ബാധകമാണ്. ഡോക്ടർ, വിദഗ്ദ്ധൻ, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, പ്രത്യേക വിദഗ്ദ്ധൻ, നിരീക്ഷണ സാങ്കേതിക വിദഗ്ധൻ, തൊഴിലാളി (ആമിൽ), സാധാരണ തൊഴിലാളി (ആമിൽ ആദി) എന്നീ പ്രൊഫഷനുകളിലാണ് പുതിയ ഇളവ് നൽകിയിരിക്കുന്നത്. തൊഴിൽ മേഖലയിലെ പ്രൊഫഷനുകളിൽ വ്യക്തമായ നടപടികൾ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കരുതുന്നു.
ജോലിയുടെ ‘തിരുത്തൽ’ ആയി കണക്കാക്കുന്ന ഈ എട്ട് പ്രൊഫഷനുകൾ ഫീസ് കൂടാതെ ഒരിക്കൽ മാത്രം തിരുത്താൻ അനുവദിക്കും. അതേ സമയം മറ്റു പ്രൊഫഷനുകൾ 2000 റിയാൽ ഫീസ് ഈടാക്കി തൊഴിലാളിയുടെ സമ്മതത്തോട് കൂടിയാണ് മാറ്റാൻ അനുവദിക്കുക.
എട്ട് തൊഴിലുകൾ ഒഴികെ മറ്റു തൊഴിലുകളിൽ 2,000 റിയാൽ തുകയ്ക്ക് പകരമായി തന്റെ തൊഴിൽ മാറ്റുമ്പോൾ തൊഴിലാളിയുടെ അംഗീകാരം സാധാരണയായി ആവശ്യമാണ്. എന്നാൽ, ഈ എട്ടു തൊഴിലുകൾ ഫീസില്ലാതെ ഒരിക്കൽ മാത്രം തിരുത്താൻ അനുവദിക്കും.
ഭാവിയിലെ ഏതൊരു റിക്രൂട്ട്‌മെന്റിനും റിക്രൂട്ട് ചെയ്യേണ്ട പ്രൊഫഷനുകളുടെ കൃത്യമായ വിവരണം ആവശ്യമാണെന്ന് പ്ലാറ്റ്‌ഫോം പ്രസ്താവിച്ചു. പ്രൊഫഷൻ മാറ്റം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഖിവ പ്ലാറ്റ്‌ഫോമിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യക്തികളുമായി ബന്ധപ്പെട്ട പ്ലാറ്റ്‌ഫോം വഴി ഇത് നടക്കില്ല.
ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, സ്പെഷ്യലൈസ്ഡ് വിദഗ്ധൻ, മോണിറ്ററിംഗ് ടെക്നീഷ്യൻ എന്നിവരുടെ സ്പെഷ്യലൈസേഷൻ വിശദീകരിക്കാൻ കമ്പനി/സ്ഥാപനം ബാധ്യസ്ഥരായിരിക്കും. ഓരോ തൊഴിലാളിക്കും സാധാരണ തൊഴിലാളി തൊഴിലുകൾക്കുമായി 67 ഇതര തൊഴിലുകൾ ഉണ്ടാകും.
കഴിഞ്ഞ വർഷം മാർച്ചിൽ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ കരാറുകൾ അതിന്റെ ഖിവ പ്ലാറ്റ്ഫോം വഴി സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഖിവ വഴി 85 ലധികം സേവനങ്ങൾ നൽകുന്നുണ്ട്. നിലവിലുള്ള തൊഴിലുടമയുടെ അനുമതിയില്ലാതെ, നിലവിലെ കരാർ അവസാനിക്കുമ്പോൾ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ പ്രവാസി തൊഴിലാളികളെ ഇത് പ്രാപ്തരാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്.