റിയാദ്: സഊദിയിൽ സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്താൻ പാടില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ദഖിനി പറഞ്ഞു.
സെൻസസിൽ പങ്കെടുക്കേണ്ടതും ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും നിർബന്ധമാണ്.
സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുകയോ ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ ഡാറ്റ നൽകുകയോ ചെയ്യുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലും പിഴ ചുമത്തും.
സെൻസസിനായി മൂന്നു സംവിധാനങ്ങളാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ വഴിയോ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍, പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അതോറിറ്റി പറഞ്ഞു.
അമ്പത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ഫോമില്‍ നല്‍കേണ്ടത്. കെട്ടിടത്തിലെ റൂമുകളുടെ എണ്ണം, താമസിക്കുന്നവരുടെ ആരോഗ്യനില, കുടുംബത്തിലെ ഓരോ വ്യക്തികളുടെയും വിദ്യാഭ്യാസം, സംസാര ഭാഷ, വരുമാനം, താമസിക്കുന്നവരുടെ എണ്ണം തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്. പ്രത്യേക യൂണിഫോം ധരിച്ച തിരിച്ചറിയല്‍ രേഖയുള്ള ഉദ്യോഗസ്ഥരെയാണ് കണക്കെടുപ്പിന് നിയോഗിച്ചിരിക്കുന്നത്.