വിനോദയാത്രക്കെന്ന് പറഞ്ഞ് ഭാര്യയെ വയനാട്ടിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

0
10085

വയനാട്: കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. വയനാട്ടിൽ ബന്ധുവീട്ടിലെത്തിച്ച ശേഷം ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഞെട്ടിക്കുന്ന കൊലപാതകം കേട്ടാണ് ഇന്ന് വയനാട് ഉണർന്നത്. കോഴിക്കോട് കുണ്ടായിത്തോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖ് ആണ് ഭാര്യ നിതാ ഷെറിനെ(22) ക്രൂരമായി കൊലപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൈസൂരിലേക്ക് വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് സിദ്ദീഖ് ഭാര്യയെയും രണ്ട് വയസ്സുകാരൻ മകനുമായി ബൈക്കിൽ വയനാട്ടിലെത്തിയാണ് കൃത്യം നടത്തിയത്.

ഇന്നലെ വൈകിട്ടാണ് രണ്ട് വയസ്സുള്ള കുട്ടിയോടൊപ്പം നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിന്റെ വീട്ടിൽ ഇവർ എത്തിയത്. വീടിൻ്റെ മുകളിലെ മുറിയിലാണ് ഇവർ താമസിച്ചത്. തുടർന്ന് രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരൻ വഴി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി വീട്ടുകാരെ വിളി ച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവമറിയുന്നത്. പ്രതി അബൂബക്കർ സിദ്ദീകിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തുമ്പോൾ കൂസലില്ലാതെ മകനെ തോളിലിട്ട് ഇരിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വയനാട് എസ് പി അരവിന്ദ് സുകുമാർ, മാനന്തവാടി ഡിവൈഎസ്പി ചന്ദ്രൻ, പനമരം എസ് ഐ അജീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.