ആ കാത്തിരിപ്പിന് 16 വർഷം, വധശിക്ഷക്കു വിധിക്കപ്പെട്ട് റിയാദ് ജയിലിലുള്ള യുവാവിന്റെ മോചനം കാത്ത് കുടുംബം

0
6622

റിയാദ്: വധശിക്ഷക്കു വിധിക്കപ്പെട്ടു റിയാദിലെ ഹയർ ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിനായി കണ്ണീരും പ്രാർഥനയുമായി കുടുംബം കഴിയാൻ തുടങ്ങിയിട്ടു 16വർഷം. കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹിമാനാണ് തടവറയിലുള്ളത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ സംഘടനകൾ മുഖേനയും അല്ലാതെയും നിരവധി തവണ യുവാവിന്റെ മോചനത്തിനായി കുടുംബം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

റിയാദിലെ അൽമൻസൂറയിൽ അനസ്ഫായിസ് അൽഷ ഹിരി എന്ന ബാലൻ കൊല്ലപ്പെട്ട കേസിലാണ അബ്ദുറഹിമാൻ ശിക്ഷിക്കപ്പെടുന്നത്.

2006 ഡിസംബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ വർഷം നവംബറിലാണ് ഹൗസ്ഡ്രൈവർ ജോലിക്കായി റിയാദിലെ ത്തുന്നത്. സ്പോൺസറുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ അനസിനെ പരിചരിക്കുന്ന ജോലികൂടി റഹീമിനെ ഏൽപ്പിച്ചിരുന്നു.

കാറിൽ വീടിനുതൊട്ടടുത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് പോകവെ സിഗ്നൽ ലംഘിച്ചു വാഹനമോടിച്ചു പോകാൻ അനസ് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്നതോടെ സഊദി ബാലൻ ആക്രോശിച്ചു റഹീമിന്റെ ശരീരത്തിലേക്ക് കാർക്കിച്ചു തുപ്പി. ഇതിൽ നിന്നു ഒഴിഞ്ഞു മാറുന്നതിനിടെ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ പ്രത്യേക ഉപകരണത്തിൽ അബദ്ധത്തിൽ പതിച്ചു.

ഭക്ഷണം നൽകാൻ കഴുത്തിൽ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചതായിരുന്നു ഉപകരണം. റഹീമിന്റെ കൈ പതിച്ചതോടെ ഉപകരണത്തിനു കേടുപറ്റുകയും ഇത് ബാലന്റെ മരണത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. ഭയപ്പെട്ട റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്നെ തന്റെ അടുത്ത ബന്ധു കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട് നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിെൻറ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി.

2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടുവർഷത്തെ തടവുശിക്ഷയും 300 അടിയും ശിക്ഷിച്ചു. അപ്പോഴേക്കും നാലുവർഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016 ൽ മോചിതനായി.

റഹീമിന്റെ മോചനത്തിനായി കഴിഞ്ഞ 16 വർഷമായി റിയാദ് എംബസി വഴി കുടുംബം കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ രണ്ടു തവണ റഹീമിന്റെ അപ്പീൽ കോടതി തള്ളുകയും ചെയ്തു. റഹീമിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കാൻ ഒരു ജനകീയ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്. അഭിഭാഷകനെ നിയമിച്ചത് ഈ സമിതിയാണ്. മരണപ്പെട്ട ബാലന്റെ കുടുംബത്തിെൻറയും കോടതിയുടെയും കാരുണ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിയ എത്രയാണെന്ന് റിയാദ് ജനറൽ കോടതി ഉടൻ നിശ്ചയിക്കുമെന്നാണ് അഭിഭാഷകൻ അറിയിച്ചിരുന്നത്.

മൂന്ന് മുതൽ അഞ്ച് വരെ ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിക്കാൻ സാധ്യതയെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മോചനദ്രവ്യം (ദിയ) നൽകുകയോ മരണപ്പെട്ട ബാലന്റെ ഉമ്മ മാപ്പ് നൽകുകയോ ചെയ്താലേ റഹീമിന്റെ മോചനത്തിനു വഴി തെളിയൂ. ഇതിനായി ഉന്നത തലങ്ങളിൽ ഇടപെടലുകളാണ് കുടുംബം ആവശ്യപ്പെടുന്നത്. കേന്ദ്ര സംസ്ഥാന സർക്കാ റുകൾക്കും എംബസികൾക്കും റഹീമിന്റെ മോചനത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്.

യമനിൽ വധശിക്ഷ വിധിക്ക പ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി നടത്തുന്ന പോലുള്ള ശ്രമം റഹീമിന്റെ കാര്യത്തി ലും വേണമെന്നാണ് നിർധന.രായ കുടുംബം അധികൃതരോട് കണ്ണീരോടെ അപേക്ഷിക്കുന്നത്.