റിയാദ്: രാജ്യത്തിന് പുറത്ത് നിന്നുള്ള സഊദി അറേബ്യയിലേക്ക് വരുന്ന നിലവിലെ ഉംറ സീസൺ മെയ് 31 ന് അവസാനിക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജ്, ഉംറ മന്ത്രാലയം വിദേശ മുസ്‌ലിംകൾക്ക് ഉംറ നിർവഹിക്കാനുള്ള സമയപരിധിയായി ഗ്രിഗോറിയൻ കലണ്ടറിലെ മെയ് 31 ന് തുല്യമായ ഹിജ്‌റ മാസമായ ശവ്വാൽ 30 ആയി നിശ്ചയിച്ചിട്ടുണ്ട്.
സഊദി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് രാജ്യത്തിന് പുറത്തുള്ളവർക്ക് ഉംറ വിസ ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള സമയപരിധി ശവ്വാൽ 15 ആണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വിദേശ സന്ദർശകർക്കുള്ള ഉംറ വിസകൾക്ക് അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാമെന്നും ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷനും സമർപ്പിക്കാനുമുള്ള തീയതികൾ ഔദ്യോഗിക ചാനലുകൾ വഴി യഥാസമയം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് വർഷത്തിനിടെ ആദ്യമായി ലോകമെമ്പാടുമുള്ള ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങുകയാണ്. കൊറോണ വൈറസ് മഹാമാരി മൂലം കഴിഞ്ഞ വർഷത്തെ ഹജ്ജ് 60,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മാത്രമല്ല, സഊദിയിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു അനുമതി. എന്നാൽ, 2020 ലെ ആഗോള ആരോഗ്യ പ്രതിസന്ധിയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ ഹാജിമാരുടെ എണ്ണം വെറും 1,000 ആയി പരിമിതപ്പെടുത്തിയിരുന്നു.
ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ മുസ്‌ലിംകളെ അവരുടെ മതപരമായ കടമകൾ നിറവേറ്റാൻ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഹജ്ജ് കപ്പാസിറ്റി 1 ദശലക്ഷം തീർഥാടകരായി വർദ്ധിപ്പിക്കുമെന്ന് ഏപ്രിലിൽ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
65 വയസ്സിന് താഴെയുള്ളവർക്ക് മാത്രമാണ് ഹജ്ജിന്നുള്ള അനുമതി. മാത്രമല്ല, അംഗീകൃത വാക്സിൻ ഉപയോഗിച്ച് കൊവിഡ് -19 നെതിരെ പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടതും ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.