ജിദ്ദ എയർപോർട്ടിൽ കുടുങ്ങിയ മലയാളി ഉംറ തീര്‍ഥാടകര്‍ക്ക് ബോർഡിങ്‌ ലഭിച്ചു, മണിക്കൂറുകൾ നീണ്ട ദുരിതങ്ങൾക്കൊടുവിൽ ആശ്വാസം

0
1948

റിയാദ്: ജിദ്ദ എയര്‍ പോര്‍ട്ടില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് ഒടുവിൽ യാത്രക്കായി ബോർഡിങ്‌ പാസ് ലഭിച്ചു. ഇന്നലെ രാത്രി മുതൽ അനിശ്ചിതത്വത്തിലായ ഇവരുടെ യാത്ര മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ന് വൈകീട്ടോടെ അറുതിയായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറെ ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞ മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ന് വൈകീട്ടോടെ ഇവർക്ക് യാത്രക്ക് വേണ്ട ബോർഡിങ് പാസുകൾ ലഭിച്ചത്.

ഉംറ കർമ്മം കഴിഞ്ഞു ജിദ്ദയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടിയിരുന്ന 23 ഉംറ തീര്‍ഥാടകരാണ് ഇന്നലെ രാത്രി മുതൽ യാത്ര ചെയ്യാനാകാതെ പ്രതിസന്ധിയിലായത്. മെയ് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മസ്‌കത്ത് വഴിയുള്ള വിമാനത്തില്‍ പോകാനിരുന്ന തിരുനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരാണ് യഥാസയമം എയര്‍പോര്‍ട്ടില്‍ കയറാന്‍ കഴിയാത്തതു മൂലം കുടുങ്ങിയത്. വിമാനത്താവളത്തിൽ നേരിട്ട സാങ്കേതിക തടസങ്ങൾ ഇവർക്ക് കുരുക്കാകുകയായിരുന്നു

മാര്‍ച്ച് 18ന് ഉംറ തീര്‍ഥാടന വിസയില്‍ വന്ന 23 പേരും മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടക്കയാത്രക്കായി ഷെഡ്യൂള്‍ ചെയ്ത വിമാനം കയറാന്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങള്‍ കാരണത്താല്‍ യാത്രക്കാരെ മിലിട്ടറി ഉദ്യോഗസ്ഥന്‍ അകത്തേക്ക് കയറ്റിയിരുന്നില്ല. സലാം എയര്‍ ലൈന്‍സിന്റെ വിമാനത്തിലായിരുന്നു ഇവര്‍ക്ക് പോകേണ്ടിയിരുന്നത്.

വിമാന കമ്പനി അധികൃതരില്‍നിന്ന് മറ്റുവിവരങ്ങളൊന്നും ലഭിക്കാതെ ഇവര്‍ എയര്‍പോര്‍ട്ടില്‍ കഴിയുകയായിരുന്നു. സ്വകാര്യ ഉംറ ഗ്രൂപ്പ് അധികൃതര്‍ ടിക്കറ്റെടുത്തിരുന്ന സലാം എയറുമായി ബന്ധപ്പെടുന്നുണ്ടെന്ന് മാത്രമാണ് രാത്രി വൈകിയും ലഭിച്ചിരുന്ന വിവരം. എന്നാൽ, പിന്നീട് എല്ലാ യാത്രക്കാരും ബോർഡിങ്‌ ലഭിച്ചു അകത്തു കയറിയതായി യാത്രക്കാർ പങ്കു വെച്ചു.

അതേസമയം, വിമാനത്താവളത്തിൽ ഇപ്പോഴും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി വിമാനങ്ങൾ യാത്ര റീ ഷെഡ്യുൾ ചെയ്തിട്ടുണ്ട്. നിരവധി വിമാനങ്ങൾ സർവ്വീസ് ഒഴിവാക്കുകയും ചെയ്തു. തങ്ങളുടെ സർവ്വീസുകൾ മുടങ്ങിയതിനാൽ യാത്ര പോകാൻ സാധികാത്തവർക്ക് സൗജന്യമായി മറ്റു സർവ്വീസുകൾ ഉപയോഗിക്കാമെന്ന് ഫ്ലൈ നാസ് എയർ അറിയിച്ചു. കസ്റ്റമർ പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രകാരമുള്ള നഷ്ട പരിഹാരത്തിനു പുറമെയാണ് ഈ സൗകര്യം നൽകുന്നത്.

ജിദ്ദ വിമാനത്താവളത്തിൽ തിക്കും തിരക്കും; 10 വിമാനങ്ങൾ വൈകി; മലയാളി ഉംറ തീർഥാടകരടക്കം പ്രതിസന്ധിയിൽ