റിയാദ്: ‘ഇഹ്സാൻ’ ചാരിറ്റിക്ക് 10 ലക്ഷം റിയാൽ സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫ് അലി.
ജീവിതക്ലേശം അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങൾക്ക് സഹായമെത്തിക്കാൻ സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതോറിറ്റി വികസിപ്പിച്ച ഇഹ്സാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് സംഭാവന നൽകിയത്.
റമദാനിൽ ആരംഭിച്ച ദേശീയ കാമ്പയിനിലൂടെ ഇതിനകം 200 കോടി റിയാൽ സമാഹരിച്ചുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സഊദി ഭരണാധികാരി സൽമാൻ രാജാവ് മൂന്ന് കോടി റിയാലും കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവന നൽകിയാണ് ദേശീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും അനാഥരും ആലംബഹീനരും രോഗികളും പ്രായാധിക്യമുള്ളവരും ആയിട്ടുള്ള 50 ലക്ഷം ആളുകൾക്ക് ഈ കാമ്പയിനിലൂടെ ഇതുവരെ സഹായമെത്തിച്ചു.
ജീവകാരുണ്യ പ്രവർത്തനം വിപുലപ്പെടുത്താനുള്ള സഊദി കിരീടാവകാശിയുടെ പ്രത്യേക താൽപ്പര്യത്തിന്‍റെ ഭാഗമാണ് കാമ്പയിൻ. ജനകീയ പങ്കാളിത്തത്തോടെയുള്ള സാമൂഹിക വികസനമെന്നതാണ് ഊന്നൽ. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള അർഹരായ ആളുകൾക്ക് സംഭാവനകൾ നൽകാൻ ഇഹ്സാൻ പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ട് എന്നതാണ് പ്രത്യേകത. രാജ്യവാസികളായ ആളുകൾക്കാണ് വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആയതിലേക്ക് സംഭാവന നൽകാൻ ഇതിൽ സൗകര്യമുണ്ട്.