മലമുകളിൽ നിന്ന് പാറയിടുക്കിലേക്ക് യുവാവ് വീണു, പാറ പൊട്ടിച്ചും കല്ല് നീക്കിയും അതി സാഹസികമായി പുറത്തെത്തിച്ചത് 30 മണിക്കൂറുകൾക്കൊടുവിൽ: സഊദിയിൽ നിന്നുള്ള നടുക്കും ദൃശ്യങ്ങൾ (വീഡിയോയും ഫോട്ടോയും)

0
5435

തബൂക്ക്: വടക്കുപടിഞ്ഞാറൻ സഊദി അറേബ്യയിലെ അബു റാക്ക സെന്ററിൽ പാറക്കെട്ടുകൾക്കിടയിൽ വീണ യുവാവിനെ രക്ഷിച്ചത് 30 മണിക്കൂറോളം നീണ്ട സാഹസിക പരിശ്രമങ്ങൾക്കൊടുവിൽ. പാലക്കാട് മലമ്പുഴയിൽ യുവാവ് മലയിൽ കുടുങ്ങിയ സമാന രീതിയിൽ തന്നെയാണ് തബൂക്കിൽ യുവാവ് പാറക്കെട്ടിനകത്ത് കുടുങ്ങിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇടുങ്ങിയ ദ്വാരത്തിനുള്ളിൽ കുടുങ്ങിയ യുവാവിനെ തബൂക്ക് മേഖലയിലെ സിവിൽ ഡിഫൻസ് സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒടുവിൽ പുറത്തിറക്കിയ ആളെ ഹെലികോപ്റ്ററിൽ അബു റാക്ക ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് അൽ-അറബിയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ഒരാൾ മലയിടുക്കിൽ വീഴുന്നതിന്റെ വേദനാജനകമായ നിമിഷം രേഖപ്പെടുത്തുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇയാളെ രക്ഷിക്കാനായി സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ മണിക്കൂറുകളോളമാണ് തുടർച്ചയായി പരിശ്രമിച്ചത്. അധിക പ്രത്യേക രക്ഷാ ഉപകരണങ്ങളുമായി പ്രത്യേക ടീമും ഹെലികോപ്റ്ററിൽ എത്തിയിരുന്നു. പാറക്കെട്ടിനകത്ത് കുടുങ്ങിയത് മുതൽ രക്ഷാസംഘം യുവാവിന് വെള്ളവും ഓക്സിജനും ഭക്ഷണവും നൽകികൊണ്ടിരുന്നു. യുവാവ് കുടുങ്ങി കിടന്ന പാറയിടുക്കിനകത്തേക്ക് പ്രവേശിക്കാൻ തടസ്സമായി നിന്ന പാറകൾ നീക്കം ചെയ്തതിന് ശേഷമാണ് യുവാവിനെ രക്ഷിച്ചെടുത്തത്.

ചൊവ്വാഴ്‌ച രാവിലെ 11 മണി മുതൽ ഇടുങ്ങിയ വിള്ളലിനുള്ളിൽ നിൽക്കുന്ന നിലയിൽ യുവാവ് കുടുങ്ങിയതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. നിരവധി സുരക്ഷാ സംഘങ്ങൾ ഉൾപ്പെട്ട രക്ഷാപ്രവർത്തനം ഏകദേശം 30 മണിക്കൂറോളം നീണ്ടുനിന്നു. റെഡ് ക്രസന്റ് അതോറിറ്റി, അബു റാക്ക മുനിസിപ്പാലിറ്റി എന്നിവയിൽ നിന്നുള്ള യൂണിറ്റുകളും യുവാവിനെ രക്ഷിക്കുന്നതിൽ സിവിൽ ഡിഫൻസിനെ സഹായിച്ച സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്നു.