ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ ഭക്ഷണപ്പൊതി’ സംരംഭത്തിന് ആവേശകരമായ പ്രതികരണം. ഇതിനകം തന്നെ നിരവധി പ്രമുഖരാണ് ഇതിലേക്ക് വൻ തുകയടക്കം സംഭാവന ചെയ്തത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പനും വൺ ബില്യൺ മീൽസിലേക്ക് വൻ തുക സംഭാവന ചെയ്തിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബർക്കും ദരിദ്രർക്കും സഹായം നൽകാൻ ലക്ഷ്യമിടുന്ന 1 ബില്യൺ മീൽസ് സംരംഭത്തിന് കീഴിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) ആണ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകിയത്. ഇതിലൂടെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട ലക്ഷക്കണക്കിന് പേർക്ക് ഭക്ഷണമെത്തിക്കാനാവും.
അപൂർവ നമ്പർപ്ലേറ്റുകളും ഫോൺ നമ്പറും ലേലത്തിൽവെച്ച് മോസ്റ്റ് നോബിൾ നമ്പേഴ്സ് ചാരിറ്റി ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് 5.3 കോടി ദിർഹം സമാഹാരിച്ചു. രണ്ടു മണിക്കൂർ നീണ്ട ലേലത്തിലാണ് ലോകത്താകമാനമുള്ള നിരാലംബർക്ക് സഹായമെത്തിക്കുന്ന പദ്ധതിയിലേക്ക് ഇത്രയും തുക സമ്പാദിച്ചത്.
നാല് അപൂർവ വാഹന നമ്പറുകളും 10 ഫാൻസി ഫോൺ നമ്പറുകളുമാണ് ലേലം ചെയ്തത്. ഒറ്റ അക്ക വാഹന പ്ലേറ്റ് നമ്പർ AA8 ആണ് ഏറ്റവും കൂടുതൽ പണം നേടിയത്. 3.5 കോടി ദിർഹമാണ് ഇതിന് ലഭിച്ചത്. 54 999 9999 എന്ന മൊബൈൽ നമ്പർ 50 ലക്ഷം ദിർഹത്തിനും ലേലത്തിൽ പിടിച്ചു. V66, F55 എന്നീ നമ്പർപ്ലേറ്റുകൾ 40 ലക്ഷം വീതവും Y66 എന്ന നമ്പർ പ്ലേറ്റ് 38 ലക്ഷം ദിർഹവുമാണ് നേടിയത്. ലേലം വരുന്ന ആഴ്ചയിലും തുടരും. അബൂദബി പൊലീസ് 555 വാഹന പ്ലേറ്റ് നമ്പറുകൾക്കായി ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നുണ്ട്. അബൂദബിയിലെ എമിറേറ്റ്‌സ് പാലസിൽ രണ്ടാം മോസ്റ്റ് നോബിൾ നമ്പേഴ്സ് ചാരിറ്റി ലേലം ബുധനാഴ്ചയാണ് നടക്കുക.