മലയാളി പെൺകുട്ടിയുടെ സത്യസന്ധതക്ക് ദുബൈ പൊലീസിന്‍റെ ആദരം

0
5114

ദുബൈ: വീണുകിട്ടിയ പഴ്സ് തിരികെ നൽകിയ മലയാളി പെൺകുട്ടിയുടെ സത്യസന്ധതക്ക് ദുബൈ പൊലീസിന്‍റെ ആദരം. എറണാകുളം മാഞ്ഞാലി പുത്തൻപറമ്പിൽ നാസറിന്‍റെയും നദീറയുടെയും മകൾ ദിയ പർവീനാണ് ദുബൈ പൊലീസിന്‍റെ ആദരം ഏറ്റുവാങ്ങിയത്. സത്യസന്ധത കാട്ടി മാതൃകയായ ദിയയെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ആദരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദർശക വിസയിൽ പിതാവിന്റെ അടുത്ത് എത്തിയ ദിയക്ക് ഇത് ഇരട്ടി മധുരമായി. പണമടങ്ങിയ പേഴ്സ് വീണു കിട്ടിയത് തിരിച്ചേൽപ്പിച്ചതാണ് പോലീസിനെ സന്തോഷിപ്പിച്ചത്. ഖിസൈസിലെ ബുസ്താൻ സെന്‍ററിന് സമീത്തുനിന്നാണ് ഇമാറാത്തി യുവതിയുടെ പഴ്സ് ദിയക്ക് ലഭിച്ചത്. 1200 ദിർഹമിന് പുറമെ എ.ടി.എം കാർഡ്, ഐ.ഡി കാർഡ്, ഇൻഷുറൻസ് കാർഡ് തുടങ്ങിയവയും പഴ്സിലുണ്ടായിരുന്നു.

എന്നാൽ, അതേദിവസം തന്നെ ദിയ പിതാവിനോപ്പം പോലീസ് സ്റ്റേഷനിൽ എത്തി കൈമാറി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പഴ്സിന്‍റെ ഉടമയെ പൊലീസ് കണ്ടെത്തുകയും കൈമാറുകയും ചെയ്തു. ഇവർ കുട്ടിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇതിന് പിറകെയാണ് ദുബൈ പൊലീസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. പറവൂർ ലിറ്റിൽ ഹാർട്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദിയ മൂന്ന് മാസത്തെ വിസിറ്റ് വിസയിലാണ് ദുബൈയിലെത്തിയത്.

റാഷിദിയയിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവ് നാസറും സമാനമായ അനുഭവങ്ങളിലൂടെ മാതൃക കാട്ടിയിരുന്നു. മുമ്പും ഇത്തരം അനുഭവങ്ങളുണ്ടായിരുന്നു. ബാങ്ക് ഇടപാടിൽ പലപ്പോഴായി ലക്ഷക്കണക്കിന് ദിർഹം അധികമായി കയ്യിൽ എത്തിയപ്പോഴും തിരിച്ചു നൽകി മാതൃക തീർത്തിരുന്നു. പിതാവിന്റെ വഴിയേ തന്നെ സത്യസന്ധതയിൽ മാതൃക തീർക്കുകയാണ് ദിയ.