ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിനൊരുങ്ങി മദീനയിലെ ഖുബാ മസ്ജിദ്, പുതിയ പദ്ധതി പ്രഖ്യാപിച്ച് കിരീടവകാശി

0
3716

പത്തിരട്ടിയായാണ് വികസിപ്പിക്കുന്നത്, ചുറ്റുമുള്ള ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണവും പദ്ധതിയിൽ ഉൾപ്പെടും

മദീന: മദീനയിലെ ചരിത്ര പ്രാധ്യാന്യമുള്ള ഖുബ മസ്ജിദ് വിപുലീകരിക്കണം പ്രഖ്യാപിച്ച് സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. മദീന സന്ദർശനത്തിനിടെ ഖുബാ മസ്ജിദിൽ എത്തിയപ്പോഴാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ള വികസന പദ്ധതി രാജകുമാരൻ പ്രഖ്യാപിച്ചത്. ചരിത്ര പ്രാധ്യാന്യമുള്ള ഖുബ മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണവും പരിസര പ്രദേശത്തിന്റെ വികസനവുമാണ് നടപ്പിലാക്കുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ വികസനത്തോടെ ഖുബാ പള്ളി നിലവിലെ വലിപ്പത്തിന്റെ പത്തിരട്ടിയാകും. പള്ളിയുടെ മൊത്തം വിസ്തീർണ്ണം 50,000 ചതുരശ്ര മീറ്ററായി ഉയരുന്നതോടെ 66,000 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയിലേക്ക് ഖുബാ മസ്ജിദ് മാറും. നിലവിൽ 5,035 ചതുരശ്ര മീറ്ററാണ് പള്ളിയുടെ വിസ്തീരണം.

പള്ളിയുടെ വിസ്തീർണ്ണം 5,035 ചതുരശ്ര മീറ്ററിൽ നിന്ന് 50,000 ചതുരശ്ര മീറ്ററായി ഉയർത്തുന്നതോടൊപ്പം ചരിത്രപരമായ സ്ഥലങ്ങളിൽ ഉടനീളമുള്ള നിരവധി കിണറുകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 57 കേന്ദ്രങ്ങളും മൂന്ന് പ്രവാചക പാതകളെ ബന്ധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ചരിത്രപരമായ സ്ഥലങ്ങളുടെ വികസനവും പുനരുജ്ജീവനവും പദ്ധതിയിൽ ഉൾപ്പെടുന്നു. പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്.

സീസണുകളിലും മറ്റും ഏറ്റവുമധികം വിശ്വാസികളെ ഉൾക്കൊള്ളാനും മതപരമായ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഖുബാ സെന്ററിന്റെ ചരിത്രപരമായ സവിശേഷതകൾ രേഖപ്പെടുത്താനും നഗര, വാസ്തുവിദ്യാ ശൈലി സംരക്ഷിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിശദീകരിച്ചു. തീർഥാടകരെ സേവിക്കുന്നതിനും ജീവിത നിലവാരം പുലർത്തുന്നതിനുമുള്ള പദ്ധതികൾക്കുള്ളിലെ സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളും സാക്ഷത്കാരങ്ങളും കൈവരിക്കുന്നതിനാണ് ഈ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാചകന്റെ കാലശേഷം, റാഷിദി, ഉമയ്യദ്, അബ്ബാസിദ് കാലഘട്ടങ്ങളിൽ തുടങ്ങി, അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സഊദ് രാജാവിന്റെയും തുടർ ഭരണാധികാരികളുടെയും കാലഘട്ടത്തിലും പലപ്പോഴായി ഖുബാ മസ്ജിദ് വിപുലീകരിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ വിപുലീകരണം ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണ്.

വിശ്വാസപരമായി ഏറ്റവും പ്രാധാന്യമുള്ള പള്ളിയാണ് മദീനയിലെ മസ്ജിദുന്നബവിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം മാറിയുള്ള ഖുബാ മസ്ജിദ്. ഒട്ടകപ്പുറത്തേറി മക്കയില്‍ നിന്നും മദീനയിലേക്ക് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി തങ്ങള്‍ മദീനയില്‍ എത്തിയ സമയത്ത് ഒട്ടകം ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ഖുബാ. തിരുനബിയുടെ വഫാത്ത് വരെ മസ്ജിദ് ഖുബായില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്‌കാരം ഉംറയോട് തുല്യമാണെന്ന് നബിവചനം.