സഊദി ഗ്രീൻ ഇനിഷ്യേറ്റീവ്; 10 ബില്യൺ മരങ്ങൾ നടുന്നതിനായി പദ്ധതി

0
2130

റിയാദ്: 40 ദശലക്ഷം ഹെക്‌ടറിൽ പുനരധിവസിപ്പിക്കുന്നതിന് തുല്യമായ 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ലക്ഷ്യം കൈവരിക്കുന്നതിന് 10 ബില്യൺ മരങ്ങൾ നടുന്നതിനായി പഠനം നടത്തുന്നു. സഊദി ഗ്രീൻ ഇനിഷ്യേറ്റീവ് സ്റ്റഡീസ് പദ്ധതിയുടെ ആദ്യ ശിൽപശാലയുടെയും വനവൽക്കരണ നിർവഹണ പദ്ധതിയുടെയും ലോഞ്ചിങ്ങും ഞായറാഴ്ച പരിസ്ഥിതി, ജലം, കൃഷി മന്ത്രി അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഫദ്‌ലി നിർവഹിക്കും. സസ്യജാലങ്ങളുടെ വികസനത്തിനും മരുഭൂവൽക്കരണത്തിനെതിരായ പോരാട്ടത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയാണ് മന്ത്രി.

പദ്ധതി നടപ്പിലാക്കുന്ന ഘട്ടങ്ങളിൽ നടക്കുന്ന നിരവധി ശിൽപശാലകളിൽ ആദ്യത്തേതാണ് ഈ ശിൽപശാല. വിവരങ്ങൾ ശേഖരിക്കുക, വൈദഗ്ദ്ധ്യം കൈമാറുക, ഏകോപിപ്പിക്കുക, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ കക്ഷികൾ തമ്മിലുള്ള പങ്കാളിത്തം സജീവമാക്കുക എന്നിവയാണ് ശിൽപശാല ലക്ഷ്യമിടുന്നത്. മരങ്ങൾ നട്ടുപിടിപ്പിക്കുക, വിത്ത് വിതരണം ചെയ്യുക, സസ്യജാലങ്ങളുടെ സംരക്ഷണവും നിയന്ത്രണവും, നശിച്ചവയെ പുനരുദ്ധരിക്കുക, കൈയേറ്റങ്ങൾ കണ്ടെത്തുക, മരം മുറിക്കൽ തടയുക എന്നിവയിലൂടെ രാജ്യത്തെ വിവിധ പരിതസ്ഥിതികളിൽ സസ്യജാലങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിനും കേന്ദ്രം പ്രവർത്തിക്കുന്നു.

450 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും നശിപ്പിക്കപ്പെട്ട എട്ട് ദശലക്ഷം ഹെക്ടർ പുനരധിവസിപ്പിക്കുകയും ചെയ്തുകൊണ്ട് സഊദി ഹരിത ഉച്ചകോടിയിൽ കിരീടാവകാശി ആരംഭിച്ച വനവൽക്കരണ സംരംഭങ്ങളുടെ ആദ്യ ഘട്ടത്തിന്റെ തുടക്കം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വരും വർഷങ്ങളിൽ രാജ്യത്തെ സംരക്ഷിത ഭൂമികളുടെ മൊത്തം വിസ്തൃതിയുടെ 30 ശതമാനം ആയി വർദ്ധിപ്പിക്കുകയും ലോകത്തിലെ ഏറ്റവും പരിസ്ഥിതി സുസ്ഥിര നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റാനും പദ്ധതി ഒരുക്കിയിട്ടുണ്ട്.

സഊദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ സംരംഭങ്ങൾ ഈ മേഖലയിൽ 50 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനും ആഗോള സംഭാവനയുടെ 10 ശതമാനം കാർബൺ ബഹിർഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പാരിസ്ഥിതിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അതിജീവിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും പ്രാദേശികമായും അന്തർദ്ദേശീയമായും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ രണ്ട് സംരംഭങ്ങളും വരുന്നത്.