ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ന് അർദ്ധരാത്രിയോടെ റദ്ദാകും, നാളെ മുതൽ വിമാന സർവീസുകൾ പഴയ രൂപത്തിൽ, പ്രവാസികൾക്ക് കൂടുതൽ ആശ്വാസമാകും

0
2565

ന്യൂഡൽഹി: അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ ഇന്ന് അർദ്ധ രാത്രിയോടെ റദ്ദാക്കും. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനം സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്. എമിറേറ്റ്‌സ്, വിർജിൻ അറ്റ്‌ലാന്റിക്, തായ്, അമേരിക്കൻ എയർലൈനുകൾ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പൂർണ്ണമായി ആരംഭിക്കുന്നതായി അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന സർക്കാർ ഔദ്യോഗികമായി നീക്കി.

വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും ആരംഭിക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനായി സീറ്റുകള്‍ ഒഴിച്ചിടുന്ന രീതി ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ, വിമാനത്താവളങ്ങളിലും വിമാനത്തിനകത്തും മാസ്‌ക് ധരിക്കുന്നത് തുടരണം.

2020 മാർച്ച് 23മുതലാണ് പതിവായി ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. നീണ്ട രണ്ട് വർഷം നീണ്ട ഷെഡ്യൂൾഡ് വിമാനങ്ങൾക്കുള്ള വിലക്കാണു ഇന്ത്യ ഈ മാസാവസാനം നീക്കുന്നത്. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഈ മാസം 27 മുതൽ ഇന്ത്യ പുനഃരാരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവ്വീസുകൾ വീണ്ടും സജീവമാകും. സർവ്വീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതോടെ ഗൾഫ് പ്രവാസികളുടെ യാത്രാ പ്രതിസന്ധിയും ഏകദേശം പരിഹരിക്കപ്പെടും. എയർ ഇന്ത്യ എക്സ്പ്രസ്സ് ഉൾപ്പെടെ വിമാന കമ്പനികൾ ഇതിനകം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് റെഗുലർ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലേക്കും വിമാന യാത്ര ഷെഡ്യൂൾ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എമിറേറ്റ്‌സ് ഇന്ത്യയിലേക്കുള്ള സർവീസ് കൊവിഡ് ന് മുമ്പുള്ള നിലയിലേക്ക് ഏപ്രിൽ 1 മുതൽ പുനരാരംഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിൽ നിന്ന് സഊദിയിലേക്ക് മാർച്ച് 27 മുതൽ തന്നെ സർവീസുകൾ പുനരാരംഭിക്കും. കോഴിക്കോട് നിന്നും, ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കും കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും കണ്ണൂരിൽ നിന്ന് റിയാദിലേക്കുമാണ് സർവ്വീസുകൾ ഷെഡ്യുൾ ചെയ്തിരിക്കുന്നത്. കോഴിക്കോട് – ജിദ്ദ സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെ ആഴ്ചയിൽ നാല് സർവീസുകളും, കൊച്ചി-ജിദ്ദ സെക്ടറിൽ വെള്ളിയാഴ്ചയുമായിരിക്കും സർവീസുകൾ. കോഴിക്കോട് – റിയാദ് സെക്ടറിൽ തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ റിയാദ് സെക്ടറിൽ വ്യാഴം ഞായർ ദിവസങ്ങളിലും കോഴിക്കോട്- ദമാം സെക്ടറിൽ ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

കോഴിക്കോട് നിന്നും ഷാർജയിലേക്കുള്ള എയർ ഇന്ത്യ സർവീസ് മാർച്ച് 28 മുതലും പുനഃരാരംഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവീസ് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ ഇത് നിലക്കുകയായിരുന്നു.

അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ നീക്കി