ജിദ്ദ: ജിദ്ദയുടെ വടക്കുള്ള പെട്രോളിയം ഉൽപന്ന വിതരണ സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് മിസൈൽ പ്രൊജക്റ്റൈൽ ഉപയോഗിച്ചാണെന്നു സഊദി ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക സ്രോതസ്സ് അറിയിച്ചു. കൂടാതെ ജസാൻ മേഖലയിലെ “അൽ-മുഖ്താര” സ്റ്റേഷനും ആക്രമിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഈ കേന്ദ്രത്തിനു നേരെയും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായത്. ജിദ്ദയിൽ വൈകീട്ട് 05:20 ഓടെയായിരുന്നു ആക്രമണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് ആക്രമണങ്ങളിലും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച്, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളും സിവിലിയൻ വസ്തുക്കൾക്കുമെതിരെ നടത്തിയ ഈ അട്ടിമറി ആക്രമണങ്ങളെ രാജ്യം അതിശക്തമായി അപലപിക്കുന്നു. ഇറാന്റെ പിന്തുണയുള്ള തീവ്രവാദി ഹൂത്തി മിലിഷ്യ അതിന്റെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടത്തുന്ന തുടർച്ചയായ അട്ടിമറി ആക്രമണങ്ങളുടെ വെളിച്ചത്തിൽ, ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണത്തിന്റെ കുറവിന് സഊദി അറേബ്യ ഉത്തരവാദി ആയിരിക്കില്ല.
ഭീകരരായ ഹൂതി മിലീഷ്യകൾക്ക് ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യകളും അത്യാധുനിക ആളില്ലാ വിമാനങ്ങളും ഇറാൻ നൽകുന്നത് തുടരുന്നതിന്റെ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകണം. ഭീകര അട്ടിമറി ആക്രമണങ്ങളും അവയുടെ പിന്നിലുള്ളവരും രാജ്യത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നതല്ലെന്നും, ലോകത്തിലെ ഊർജ വിതരണത്തിന്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സ്രോതസ്സ് വ്യക്തമാക്കി.