മലയാളികൾ കൈകോർത്തു; നിയമക്കുരുക്കിലായ രോഗിയായ മലയാളി നാട്ടിലേയ്ക്ക് മടങ്ങി

0
4949

ദമാം: ഗുരുതരമായ പ്രമേഹവും, ആരോഗ്യപ്രശ്നങ്ങളും നേരിടുന്നതിനിടെ ഇഖമായും ആരോഗ്യ ഇൻഷുറൻസും ഇല്ലാതെ ദുരിതക്കയത്തിലായ മലയാളി ഒടുവിൽ നാടണഞ്ഞു. പ്രവാസജീവിതം ദുരിതാവസ്ഥയിലായിരുന്ന മലയാളി നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവിലാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം കോട്ടൂർ സ്വദേശി കാസീംകുഞ്ഞു ഇബ്രാഹിംകുഞ്ഞു ആണ് ദുരിതപ്രവാസം താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ദീർഘകാലമായി സഊദിയിൽ പ്രവാസിയായിരുന്ന ഇബ്രാഹിംകുഞ്ഞിന് അൽഹസ്സയിൽ കെട്ടിടനിർമ്മാണ മേഖലയിൽ ആയിരുന്നു ജോലി. ജോലിത്തിരക്കിൽ ആരോഗ്യം മറന്ന അദ്ദേഹം പ്രമേഹരോഗം ബാധിക്കുകയും ജോലിയ്ക്കിടെ കാലിൽ ഉണ്ടായ മുറിവ് അണുബാധയായി പഴുത്തതോടെ ഗുരുതരമായ അവസ്ഥയിലായി. ഭീമമായ തുക നൽകി സഊദിയിലെ ഏതെങ്കിലും ആശുപത്രിയിൽ വെച്ച് കാല് മുറിയ്ക്കുകയോ അല്ലെങ്കിൽ വിദഗ്ദ്ധചികിത്സയ്ക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യാതെ തരമില്ല എന്ന അവസ്ഥയിലായി മാറിയിരുന്നു.

ഇഖാമ കാലാവധി കഴിയുകയും, ഇൻഷുറൻസ് പുതുക്കാൻ കഴിയാതെ വരികയും ചെയ്തതോടെ ആശുപത്രിയിൽ ചികിത്സയും കിട്ടാതെയായി. ഇതോടെ, അൽ ഹസ്സയിലെ സുഹൃത്തുക്കൾ ഇബ്രാഹിം കുഞ്ഞിനെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ ഇഖാമ റിയാദിലാണ് എടുത്തത് എന്നതിനാൽ അൽഹസ്സയിലോ, ദമാമിലോ എക്സിറ്റ് അടിയ്ക്കാൻ കഴിഞ്ഞില്ല. കിഴക്കൻ പ്രവിശ്യയിലെ പല സ്ഥലങ്ങളിൽപലതവണകളായുള്ള ശ്രമം നടത്തിയെങ്കിലും ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിയ്ക്കുന്നത്. അതോടെ നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. മണിക്കുട്ടൻ റിയാദ് ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിന്റെ കാര്യം അറിയിക്കുകയും, നിരന്തരമായി എംബസ്സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഒടുവിൽ എംബസ്സിയുടെ സഹായത്തോടെ റിയാദ് ലേബർ ഓഫീസ് വഴി, റിയാദ് തർഹീൽ നിന്നും ഇബ്രാഹിം കുഞ്ഞിന് എക്സിറ്റ് അടിച്ചു കിട്ടി. സുഹൃത്തുക്കൾ തന്നെ കൂട്ടായി എടുത്ത് നൽകിയ ടിക്കറ്റിൽ ഇബ്‌റാഹീം കുഞ്ഞ് നാട്ടിലേക്ക് മടങ്ങി.