സഊദിയിൽ വിദേശികളുടെ പരമാവധി കാലാവധി ആറു വർഷമാക്കി ചുരുക്കണമെന്നതിൽ ഇപ്പോഴും പഠനം നടക്കുന്നു

0
8025

റിയാദ്: സഊദിയിൽ വിദേശികളുടെ പരമാവധി കാലാവധി ആറു വർഷമാക്കി നിജമാക്കാൻ പഠനം നടക്കുന്നതായി റിപ്പോർട്ട്. ആറ് വർഷത്തിൽ കൂടുതൽ വിദേശികൾക്ക് താമസാനുമതി നൽകാൻ പാടില്ലെന്ന റെഗുലേറ്ററി ഭേദഗതി സംബന്ധിച്ച് ഇത് വരെ ശൂറ കൗൺസിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഇക്കാര്യം ഇപ്പോഴും പഠനത്തിലാണെന്നും പ്രാദേശിക ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദേശികളുടെ സഊദിയിലെ പരമാവധി താമസ സമയം ആറ് വർഷമാക്കാനുള്ള പഠനം പൂർത്തിയായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതരെ ഉദ്ധരിച്ച് ഇപ്പോഴും ഇക്കാര്യം പഠനത്തിലാണെന്ന വാർത്ത പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റസിഡൻസി സമ്പ്രദായത്തിൻ്റെ ആർട്ടിക്കിളിൽ മാറ്റം വരുത്തി രാജ്യത്ത് താമസിക്കുന്ന വിദേശി ഏത് സാഹചര്യത്തിലായിരുന്നാലും ആറ് വർഷത്തിൽ കൂടുതൽ സഊതങ്ങാൻ പാടില്ലെന്നും, എന്നാൽ ചില നടപടിക്രമങ്ങൾക്കനുസരിച്ച് ചില പ്രത്യേക കാലയളവിലേക്ക് നീട്ടാമെന്നുമുള്ള കാര്യങ്ങളാണ് പഠനത്തിലുള്ളത്.

ഇക്കാര്യത്തിൽ പഠനം ഇത് ഇതുവരെ പൂർത്തിയാക്കുകയോ അന്തിമ തീരുമാനം കൈകൊള്ളുകയോ ചെയ്തിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. വർഷങ്ങളായി ശൂറ കൌണ്സിലിൻ്റെ പഠനത്തിലുള്ള ഈ ഭേദഗതിയാണ് പൂർത്തിയായതായി ചില വെബ് സൈറ്റുകൾ വഴി വാർത്ത പ്രചരിച്ചത്.