മക്കയിൽ തിരക്കേറുന്നു; ഉംറക്കും മറ്റു ആരാധനകൾക്കും പ്രത്യേക സ്ഥലങ്ങൾ, ഹറമിൽ എത്തുന്നവർ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

0
2208

മക്ക: റമദാൻ അടുത്തതോടെ വിശുദ്ധ മക്കയിലെ ഹറം പള്ളിയിൽ വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് വിപുലമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഉംറ തീർഥാടകർക്കും മറ്റു ആരാധനകൾക്കുമെത്തുന്നവർക്കുമായി പ്രത്യേകം സ്ഥാനങ്ങൾ നിർണ്ണയിച്ചു. ഇരു ഹറം കാര്യാലയം വകുപ്പാണ് ത്വവാഫിനും ത്വവാഫിന്റെ രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കാരത്തിനും മറ്റു നമസ്ക്കാരങ്ങൾക്കുമുള്ള പ്രത്യേക സ്ഥാനങ്ങൾ നിർണ്ണയിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മത്വാഫ്, മുറ്റം എന്നിവ ത്വവാഫ് കർമ്മത്തിനു മാത്രമായിരിക്കും അനുമതി. മത്വാഫ് ബേസ്മെന്റും, ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറും ത്വവാഫിനു ശേഷമുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കാരത്തിനും ഉപയോഗപ്പെടുത്താൻ നിശ്ചയിച്ചു. മൂന്നാം സഊദി ഹറം വിപുലീകരണ ഭാഗം, കിംഗ് ഫഹദ് എക്സ്പാൻഷൻ ഏരിയ, മസ്ജിദുൽ ഹറാമിന്റെ മുഴുവൻ മുറ്റങ്ങളും മറ്റു നമസ്ക്കാരങ്ങൾക്ക് ഉപയൊഗപ്പെടുത്താം.

കിംഗ് അബ്ദുൽ അസീസ് ഗേറ്റ്, കിംഗ് ഫഹദ് ഗേറ്റ്, ബാബ് അൽ സലാം എന്നിങ്ങനെ മൂന്ന് പ്രധാന കവാടങ്ങളിലൂടെയായിരിക്കും ഉംറ തീർഥാടകർ ഹറമിലേക്ക് പ്രവേശിക്കേണ്ടതും പുറത്ത് കടക്കേണ്ടതും. ഹറം പള്ളിയിലെത്തുന്ന മറ്റ് ആരാധകർക്ക് 144 കവാടങ്ങളിലൂടെ അകത്തേക്ക് പ്രവേശിക്കുവാനും പുറത്ത് കടക്കുവാനും സാധിക്കും. കൂടാതെ, തിരക്ക് നിയന്ത്രിക്കാനായി അജിയാദ് പാലം, ശബീക പാലം, മർവ പാലം എന്നീ മൂന്ന് പാലങ്ങളും ഹറമിലെത്തുന്ന ഉംറ തീർഥാടകരല്ലാത്തവർക്ക് ഉപയോഗിക്കാം.

അതേസമയം, മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാനില്‍ ഇഅതികാഫ് ഇരിക്കാനുള്ള പെര്‍മിറ്റ് നൽകുമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഹറം പള്ളിയില്‍ ഇഅതികാഫിന് അനുമതി ഉണ്ടായിരുന്നില്ല.