ഹൂതി ആക്രമണത്തിൽ കനത്ത നാശനഷ്ടം: യാമ്പു സിനോപെക് റിഫൈനിംഗ് ഉത്പാദനം ഭാഗികമായി നിർത്തിവെച്ചു

0
2402

റിയാദ്: ഹൂതി ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് യാമ്പു സിനോപെക് റിഫൈനിംഗ് കമ്പനിയിൽ നിന്നുള്ള എണ്ണ ഉത്പാദനം താത്കാലികമായി വെട്ടിക്കുറച്ചതായി സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോൺ വിമാന ആക്രമണങ്ങൾക്ക് വിധേയമായതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചതിനെ തുടർന്നാണ് യാമ്പു സിനോപെക് റിഫൈനറിയുടെ (YASREF) ഉൽപ്പാദനത്തിൽ താൽക്കാലിക കുറവ് പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച പുലർച്ചെ 05:30 ഓടെയാണ് യാമ്പു നാച്ചുറൽ ഗ്യാസ് പ്ലാന്റ്, യാമ്പു അരാംകൊ സിനോപെക് റിഫൈനിംഗ് കമ്പനി എന്നിവിടങ്ങളിൽ ആക്രമണം നടന്നത്.

ശനിയാഴ്ച രാത്രി 11:30 ഓടെ ജിസാനിലെ പെട്രോളിയം ഉൽപന്ന വിതരണ കേന്ദ്രം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഹൂതികൾ ആയുധ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഊർജ്ജ മന്ത്രാലയം അറിയിച്ചു. അതേസമയം ആക്രമണങ്ങളിൽ പരിക്കോ മരണമോ ഉണ്ടായില്ല.

ഈ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും, റിയാദ് റിഫൈനറിക്ക് നേരെയുള്ള സമീപകാല ആക്രമണം ഉൾപ്പെടെ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന കേന്ദ്രങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരെ തുടർച്ചയായുള്ള ഈ അട്ടിമറികൾ തീവ്രവാദ പ്രവർത്തനങ്ങളാണെന്നും മന്ത്രാലയം പറഞ്ഞു. ഭീരുത്വം നിറഞ്ഞ ശ്രമങ്ങളാണ്, ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതുമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തിലെ ഊർജ വിതരണത്തിന്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതിനാണ് ഈ ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്നും ഈ ആക്രമണങ്ങളിൽ ചിലത് കടൽ യാത്രയെ ബാധിക്കുന്നത് ചെങ്കടൽ, തീരങ്ങളും പ്രദേശിക ജലവും വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് വിധേയമാക്കുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ കടുത്ത രീതിയിൽ ബാധിക്കുമെന്നും ഊർജ്ജ മന്ത്രാലയം പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഉപയോഗിച്ച് സിവിലിയന്മാരെയും സാമ്പത്തിക, സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തെ ഇന്ന് (ഞായറാഴ്ച) ചെറുത്തുതോൽപ്പിച്ചതായി യെമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണയ്ക്കുന്ന സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ സംയുക്ത കമാൻഡ് അറിയിച്ചിരുന്നു.