പൊടി പടർത്തി കുതിച്ച് പാഞ്ഞ് വനിതകൾ; എക്‌സ്‌ക്ലൂസീവ് മോട്ടോർസ്‌പോർട്‌സ് പരിപാടി ‘റാലി ജമീൽ’ സമാപനത്തിലേക്ക്

0
2057

റിയാദ്: സ്ത്രീകൾക്ക് മാത്രമുള്ള സഊദി അറേബ്യയിലെ ആദ്യത്തെ മോട്ടോർസ്‌പോർട്‌സ് പരിപാടിയായ “റാലി ജമീൽ” സമാപനത്തിലേക്ക്. 300 കിലോമീറ്റർ ദൈർഘ്യമുള്ള റാലി മാർച്ച് 17 നാണ് ഹയിലിൽ തുടക്കമായത്. തലസ്ഥാന നഗരമായ റിയാദ് വഴിഅൽ ഖസീമിലേക്കാണ് വനിതകൾ പ്രയാണം നടത്തുന്നത്. അമേരിക്കയിലെ സഊദി അംബാസഡറായ റീമ ബിന്റ് ബന്ദർ രാജകുമാരിയുടെ മേൽനോട്ടത്തിലും സഊദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷന്റെ (SAMF) കുടക്കീഴിലും FIA വിമൻ ഇൻ മോട്ടോർസ്‌പോർട്ട് കമ്മിറ്റിയുടെ (WIMC) അംഗീകാരത്തോടെയാണ് ശ്രദ്ധേയമായ റാലി ജമീൽ നടക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്കയിൽ നിന്നുള്ള മൂന്ന് ടീമുകളും സ്വീഡനിൽ നിന്നുള്ള ഒരു ടീമും സ്‌പെയിനിൽ നിന്നുള്ള ഒരു ടീമും യൂറോപ്പിനെ പ്രതിനിധീകരിച്ച് റാലി ജമീലിൽ പങ്കെടുക്കുന്നുണ്ട്. പൂർണ്ണമായും ഓഫ്-റോഡ് റേസ് വേഗതയുള്ള ഒന്നല്ല, മറിച്ച് നാവിഗേഷൻ കഴിവുകളും തീവ്രമായ ആസൂത്രണവും ആവശ്യമുള്ള ഒന്നാണ് റാലി ജമീൽ എന്ന് സംഘാടകർ വ്യക്തമാക്കി. ലോകോത്തര കാർ റേസിംഗുകളിൽ ശ്രദ്ധേയരായ വനിതകളാണ് മാറ്റുരക്കുന്നത്.

പ്രസിദ്ധമായ ഡാകാർ റാലിയിലും മറ്റ് കാർ റേസിംഗുകളിലും പങ്കെടുക്കുകയും ഇറ്റലിയിൽ നടന്ന ക്രോസ് കൺട്രി ബജാസിൽ കിരീടം നേടി ആദ്യ അറബ് വനിതയായി ചരിത്രം സൃഷ്ടിച്ച ഡാനിയ അകീൽ ഉൾപ്പെടെയുള്ളവരാണ് പരിപാടിയിൽ മാറ്റുരക്കുന്നത്. സെറാമിക് പ്രോ, സഊദി ഓട്ടോ, സഊദി കാർഗോ എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് പുറമെ എംജി താജീർ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ഇവന്റിനായി എംജി ബ്രാൻഡഡ് കാറിന്റെ ചക്രത്തിന് പിന്നിൽ ഹംബസയും ടൊയോട്ട ലാൻഡ് ക്രൂയിസറുമായാണ് അകീൽ കുതിക്കുന്നത്.

സഊദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി ലഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ പ്രാദേശിക ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്ന രാജ്യത്തിലെ ആദ്യത്തെ സ്ത്രീകളിൽ ഒരാളായിരുന്നു ഇവർ. ‘റാലി ജമീൽ’ സ്ത്രീകൾക്ക് തിളങ്ങാനുള്ള അവസരം നൽകുന്നുവെന്നും അവർക്ക് ജീവിതത്തിലെ എല്ലാ വെല്ലുവിളികളും നേരിടാൻ കഴിയുമെന്ന് കാണിക്കുന്നതായും സഊദി മോട്ടോർസ്പോർട്ട് മാർഷൽസ് ക്ലബ് പ്രസിഡന്റ് എച്ച്ആർഎച്ച് ഡോ: അഹദ് അൽ സഊദ് പറഞ്ഞു. ഹായിൽ നഗരത്തിലെ ചരിത്രപ്രസിദ്ധമായ അൽ ഖശ്‌ല കൊട്ടാരത്തിലാണ് ഹായിൽ രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സാദ് രാജകുമാരന്റെ മേൽനോട്ടത്തിൽ ഉദ്ഘാടന ചടങ്ങ് നടന്നത്.