ഹുറൂബ് നീക്കാൻ കൈകൂലി; വിദേശികൾ അറസ്റ്റിൽ

0
3380

റിയാദ്: അനധികൃതമായി ഹുറൂബ് നീക്കാനുള്ള ശ്രമം നടത്തിയ വിദേശികൾ അറസ്റ്റിലായി. ഹുറൂബ് നിയമ വിരുദ്ധ മാര്‍ഗത്തില്‍ നീക്കം ചെയ്യാന്‍ ഇടനിലക്കാരനായി പ്രവർത്തിച്ച വിദേശിക്ക് 11,000 റിയാല്‍ കൈക്കൂലി നല്‍കുന്നതിനിടെയാണ് രണ്ടു വിദേശികള്‍ പിടിയിലായത്. സഊദി അഴിമതി വിരുദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് ഇവർ പിടിയിലായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് കൂടാതെ, മറ്റു ഏതാനും അഴിമതി കേസുകളുടെ വിവരങ്ങളും അധികൃതർ പുറത്ത് വിട്ടു. നേരത്തെ നിയമ ലംഘനങ്ങള്‍ക്ക് സഊദിയില്‍ നിന്ന് നാടുകടത്തപ്പെട്ട വിദേശി 40,000 റിയാല്‍ കൈക്കൂലി നല്‍കി വിമാന മാര്‍ഗം സഊദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയും അറസ്റ്റിലായി.

പതിനഞ്ച് അഴിമതി കേസുകളില്‍ സ്വദേശികളും വിദേശികളും അടക്കം 25 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. നിയമ വിരുദ്ധമായി പ്രമാണങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയ കേസിൽ മുന്‍ നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനും നിലവില്‍ ജനറല്‍ കോടതി ഉദ്യോഗസ്ഥനുമായ ആളെയും സമാനമായ കേസിൽ മറ്റൊരു വ്യവസായി മുഖേന ജഡ്ജിക്ക് അഞ്ചു ലക്ഷം റിയാല്‍ കൈക്കൂലി നല്‍കിയ വ്യവസായിയെയും അറസ്റ്റ് ചെയ്തു.

കൂടാതെ, കൈക്കൂലി സ്വീകരിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ കൂട്ടുനിന്ന സബ്ഗവര്‍ണറേറ്റിലെ മര്‍കസ് ഉപമേധാവിയും, ഇതേ മർകസിലെ കൈയേറ്റ സമിതി പ്രസിഡന്റ്, രണ്ടു സ്വദേശികൾ, പൗരന്മാര്‍ക്ക് വീടുകള്‍ വെക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലങ്ങള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് അവരറിയാതെ വില്‍പന നടത്തിയ നഗരസഭയിലെ വകുപ്പ് മുന്‍ മേധാവി, പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥൻ, സര്‍ക്കാര്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥനും ഫാര്‍മസിസ്റ്റ്, സര്‍ക്കാര്‍ ആശുപത്രി ഡോക്ടർ തുടങ്ങി നിരവധി വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവർക്ക് കൈകൂലി നൽകിയ സ്വദേശികളും മറ്റു ഇടനിലക്കാരും അറസ്റ്റിലായവരിൽ പെടും.