മുസ്‌ലിം ലീഗ് ഇടപെടൽ; സഊദിയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി

0
4794

ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾമൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ സഊദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മുസ്‍ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഊദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എണ്ണൂറോളം ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.വി. അബ്ദുൽ വഹാബ് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതേ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം നടപടികളെടുത്തത്. എംബസി ആവശ്യപ്രകാരം ഇവരെ നാട്ടിലെത്തിക്കുന്നതിന് സഊദി എയർലൈൻസ് സമ്മതിച്ചിട്ടുണ്ടെന്നും മുസ്‍ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന് അയച്ച കത്തിൽ കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. തടവുകാർ നെഗറ്റീവ് ആർ.ടി.പി.സി.ആർ റിപ്പോർട്ട് കൈവശം വെച്ചാൽ എയർ-സുവിധ പോർട്ടലിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കാൻ ആരോഗ്യമന്ത്രാലയത്തിനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു വഹാബ് രാജ്യസഭയിലും രംഗത്തെത്തിയിരുന്നു. വിദേശത്ത് താമസിക്കുന്നവരുൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് കത്തിൽ മന്ത്രി ജയശങ്കർ പറഞ്ഞു.