റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തി. കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ജോൺസനെ സഊദി ഉന്നതർ ചേർന്ന് സ്വീകരിച്ചു. റിയാദ് ഡെപ്യൂട്ടി ഗവർണർ, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ബ്രിട്ടനിലെ സഊദി അംബാസഡർ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക സ്വീകരണത്തിന് നേതൃത്വം നൽകിയത്. ഔദ്യോഗിക പ്രതിനിധി സംഘതോടൊപ്പമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സഊദിയിൽ ഇറങ്ങിയത്.
സഹമന്ത്രിയും ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ: മുസൈദ് അൽ-ഐബാൻ, റിയാദ് റീജിയൺ മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, സഊദിയിലെ യുകെ അംബാസഡർ നീൽ ക്രോംപ്ടൺ, റിയാദ് പോലീസ് ഡയറക്ടർ മേജർ ജനറൽ ഫഹദ് അൽ മുതൈരി എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ബോറിസ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും നേരത്തെ ചർച്ച നടത്തിയിരുന്നു. ഉക്രെയ്‌നിലെ സംഘർഷം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഹൈഡ്രോകാർബണുകൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം അറബ് എണ്ണ കയറ്റുമതിക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ഗൾഫ് യാത്ര ലക്ഷ്യമിടുന്നത്.