ന്യൂഡൽഹി: സഊദിയിലെ ഇന്ത്യൻ അംബാസിഡർ ആയിരുന്ന ഡോ: ഔസാഫ് സഈദ് ഡൽഹിയിലെത്തി പുതിയ ചുമതല ഏറ്റെടുത്തു. മൂന്നു വർഷത്തെ സഊദിയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ് ഇന്ത്യയിലേക്ക് മടങ്ങിയത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിൽ സിക്രട്ടറിയായിട്ടാണ് പുതിയ ചുമതല. ഇന്ന് ചുമതല ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. ഔസാഫ് സഈദ് മടങ്ങിയതോടെ ഒഴിവായ സഊദിയിലെ അംബാസിഡർ സ്ഥാനത്തേക്ക് പുതിയ സ്ഥാനപതി ഉടൻ ചുമതലയേൽക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ് കോൺസലറായി സേവനമനുഷ്ഠിച്ച ഡോ: ഔസാഫ് സഈദ് 2004 ഓഗസ്റ്റിൽ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായിരുന്നു. തുടർന്ന് ചിക്കാഗോയിലേയ്ക്ക് സ്ഥലം മാറിപ്പോയി. സീഷെൽസ്, യെമൻ എന്നിവിടങ്ങളിലും ഇന്ത്യൻ നയതന്ത്രമേധാവിയായിരുന്നു. മൂന്നു വർഷം മുമ്പാണ് സഊദിയിൽ ഇന്ത്യൻ സ്ഥാനപതിയായത്.
കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്റെ പൂർണചുമതലയായിരിക്കും ഇദ്ദേഹത്തിന് ഡൽഹിയിൽ.
ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം യെമനിലെ ഹദ്‌റമി പൈതൃക പരമ്പരയിലെ അൽ മുസല്ലി ഗോത്രത്തിലുൾപ്പെട്ട പൂർവപിതാക്കളുടെ ഇങ്ങേയറ്റത്തെ കണ്ണികളിലൊരാൾ ആണ്. 2011 ലെ യെമനിലെ ആഭ്യന്തര പ്രതിസന്ധിക്കിടെ, സംഘർഷമേഖലയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരുൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരുടെ ഒഴിച്ചുപോക്കിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഔസാഫ് സഈദ് നേതൃത്വം നൽകി. അറബിയി, ഉർദു പ്രാവീണ്യമുള്ള നയതന്ത്രവിദഗ്ധനാണ് ഔസാഫ് സഈദ്.
ജിയോളജിയിൽ എം.എസ്‌സി ബിരുദമുള്ള ഡോ: ഔസാഫ് സഈദ് അറബിക് ഭാഷയിൽ അഡ്വാൻസ്ഡ് ഡിപ്ലോമാ കോഴ്‌സ് കരസ്ഥമാക്കിയിട്ടുണ്ട്. ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണമെഡൽ നേടിയിട്ടുണ്ട്. ടോസ്റ്റ് മാസ്‌റ്റേഴ്‌സ് രംഗത്തും ഏറെ തിളങ്ങിയിട്ടുണ്ട്. പത്‌നി ഫർഹാ സഈദ് പ്രമുഖ ‘എഗ് പെയിന്ററും’ ചിത്രകാരിയുമാണ്. പക്ഷിമുട്ടത്തോടുകളിൽ ചിത്രപ്പണി ചെയ്യുന്ന ഈ കലയിൽ ഇവരുടെ പേര് അദ്വിതീയസ്ഥാനത്താണ്. നിരവധി രാജ്യങ്ങളിൽ ഇവരുടെ എഗ് പെയിന്റിംഗ് എക്‌സിബിഷനുകൾ അരങ്ങേറിയിട്ടുണ്ട്. ഡോ: ഔസാഫ് – ഫർഹാ ദമ്പതികൾക്ക് മൂന്ന് ആൺമക്കൾ: ഫാത്തിഹ്, ഫാലിഹ്, അസ്ഹാൻ.പിതാവ് ആവാസ് സഈദ്, പ്രമുഖ ഉർദു കവിയും എഴുത്തുകാരനുമാണ്.