റിയാദ്: രാജ്യത്തെ താപനില വീണ്ടും പൂജ്യത്തിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ചാവസാനം വരെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയുമെന്ന് എൻസിഎം സ്ഥിരീകരിച്ചു. തബൂക്ക്, വടക്കൻ അതിർത്തി, ഹൈൽ, അൽ-ജൗഫ് മേഖലകളുടെ ചില ഭാഗങ്ങളിൽ താപനില 3 ഡിഗ്രിയും അതിൽ താഴെയുമായി എത്തിച്ചേരും.
വടക്കൻ മേഖലയിലെ താപനിലയിലെ കുറവ് അൽ ഖസിം, കിഴക്കൻ പ്രാവിശ്യ, റിയാദ് മേഖലകളിലെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലേക്ക് വ്യാപിക്കും ഇവിടങ്ങളിൽ കുറഞ്ഞ താപനില 4 ഡിഗ്രിയിലെത്തും.
ചൊവ്വാഴ്ച മുതൽ മക്ക, തബൂക്ക്, മദീന, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ-ഖാസിം എന്നീ പ്രദേശങ്ങളിൽ പൊടിക്കാറ്റും സജീവമാകും.
ഇത് ബുധൻ, വ്യാഴം ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിലും റിയാദിലും വ്യാപിക്കുകയും ആഘാതം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും റപ്പോർട്ടിൽ പറയുന്നു.
കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ എത്തുമെന്നും അതിന്റെ ആഘാതം വ്യാഴം, വെള്ളി ദിവസങ്ങളിൽ മക്ക, നജ്‌റാൻ, അസീർ, അൽ-ബഹ മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിൽ വ്യാപിക്കുകയും ചെയ്യും. പൊടിക്കാറ്റുകൾ ദൂരക്കാഴ്ചയെ സാരമായി ബാധിച്ചെക്കാമെന്നും മുന്നറിയിപ്പുണ്ട്.
