റിയാദ്: റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന സിംഹത്തിന് വാഹനമിടിച്ച് ഗുരുതര പരിക്ക്. തലസ്ഥാന നഗരിയായ റിയാദിലാണ് സംഭവം നടന്നത്. നഗരത്തിലെ റോഡുകളിലൊന്നിൽ വാഹനം കൂട്ടിയിടിച്ച് സിംഹത്തിന് പരിക്കേറ്റ സംഭവത്തിൽ പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹനം കൂട്ടിയിടിച്ച് റിയാദ് നഗരത്തിൽ ഒരു സിംഹത്തിന് പരിക്കേറ്റതായി സേനയ്ക്ക് റിപ്പോർട്ട് ലഭിച്ചതായി പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയുടെ വക്താവ് മേജർ റായ്ദ് അൽ-മാലികി പറഞ്ഞു. രണ്ടു യുവാക്കൾ ഓടിച്ച കാറാണ് സിംഹത്തെ ഇടിച്ചതെന്നാണ് റിപ്പോർട്ട്. കാറിടിച്ച് രക്തത്തിൽ കുളിച്ച് മരണത്തോട് മല്ലടിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ യുവാക്കൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
