ഈ വർഷം ഹജ്ജിന് വിദേശ ഹാജിമാർ എത്തും, രാജ്യങ്ങൾക്കുള്ള ക്വാട്ടകൾ ഉടൻ പ്രഖ്യാപിക്കും

0
2492

മക്ക: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷമായി നിലച്ച വിദേശ ഹാജിമാരുടെ വരവ് ഈ വർഷം ഉണ്ടാകും. സഊദിയിലെ പ്രവേശന വിലക്കുകളും കൊവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതിനെ തുടർന്നാണ് വിദേശ ഹാജിമാരെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങുന്നത്. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരുടെ ക്വാട്ടകൾ ഉടൻ പൂർത്തീകരിച്ചു പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഹാജിമാർക്ക് ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാക്കുമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം ഉടൻ പുറത്ത് വിടും. വാക്സിൻ കുത്തിവെപ്പുകൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക. ഓരോ രാജ്യങ്ങൾക്കുമുള്ള പരിഷ്കരിച്ച ഹജ്ജ് ക്വാട്ടകളും മന്ത്രാലയം പ്രഖ്യാപിക്കും.

ഈ വർഷം വിദേശ രാജ്യത്ത് നിന്നെത്തുന്ന ഹാജിമാർക്ക് പ്രത്യേകമായി കൂടുതൽ നിബന്ധനകൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് സൂചനകൾ. നിലവിൽ സഊദിയിലേക്ക് വരുന്നവർക്ക് പ്രത്യേക നിബന്ധനകൾ ഒന്നും തന്നെയില്ല. ഇതേ മാനദണ്ഡങ്ങളോടെ തന്നെയായിരിക്കും ഹാജിമാർക്കും ബാധകമാക്കുക.

നിലവിൽ ഇരു ഹറമുകളിൽ പ്രവേശിക്കുന്നതിനും നിസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനും പ്രവാചക ഖബറിടം സന്ദർശിച്ചു സലാം ചൊല്ലുന്നതിനും ഏർപ്പെടുത്തിയിരുന്ന പെർമിറ്റ് സമ്പ്രദായം എടുത്തു കളഞ്ഞിട്ടുണ്ട്. ഉംറക്കും മദീനയിലെ റൗദയിൽ നിസ്കാരത്തിനും മാത്രമാണ് പെർമിറ്റ് നിർബന്ധമുള്ളൂ.

സഊദി അറേബ്യൻ സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും എല്ലാ ആരോഗ്യ, കൊവിഡ് പ്രോട്ടോക്കോളുകളും അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാൽ, ഇടക്ക് ആശങ്ക ഉയർത്തി എത്തിയ ഒമിക്രോൺ ഇവയെ തടയിട്ടു. ഇന്ത്യയിൽ 2022 ലെ ഹജ്ജ് പ്രക്രിയ മുഴുവൻ ഡിജിറ്റൽ ആയിരിക്കുമെന്ന് ഒക്ടോബറിൽ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഹജ് അവലോകന യോഗത്തിൽ അറിയിച്ചിരുന്നു.

ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇന്ത്യൻ ഹജ് കമ്മിറ്റി, സഊദി അറേബ്യയിലെ ഇന്ത്യൻ എംബസി, ഇന്ത്യയുടെ കോൺസൽ ജനറൽ എന്നിവരുടെ ചർച്ചകൾക്കൊടുവിലാണ് ഹജ്ജ് 2022 പ്രക്രിയ പൂർത്തീകരിക്കുക.