വിശുദ്ധ റമദാനിലെ ഉംറ ബുക്കിംഗ് ആരംഭിച്ചു

0
2018

മക്ക: വിശുദ്ധ റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴിയാണ് ഉംറക്കുള്ള പെർമിറ്റുകൾ എടുക്കേണ്ടത്. എന്നാൽ, മക്ക, മദീന ഹറം പളളികളിൽ നിസ്കരിക്കുന്നതിനും മദീനയിലെ മസ്ജിദു നബവിയിൽ പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനും പെർമിറ്റ് ആവശ്യമില്ല. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണ് ഇതിനുള്ള പെർമിറ്റ് ഇനി വേണ്ടായെന്ന തീരുമാനം അധികൃതർ കൈകൊണ്ടത്.

ഉംറ നിർവ്വഹിക്കാനും റൗദയിൽ നിസ്കരിക്കാനും മാത്രമാണ് ഇനി പെർമിറ്റ് ആവശ്യമുള്ളൂ. മറ്റു കാര്യങ്ങൾക്കൊന്നും പെർമിറ്റ് ആവശ്യമില്ല. ഒരു തവണ ഉംറ ചെയ്തവർക്ക് വീണ്ടും ഉംറ ചെയ്യുവാൻ 10 ദിവസം കാത്തിരിക്കണമെന്ന ചട്ടവും പിൻവലിച്ചിട്ടുണ്ട്. ഉംറ നിർവഹിക്കാനുള്ള കാലയളവ് പകൽ സമയത്ത് 8 ൽ നിന്ന് 12 മണിക്കൂർ ആക്കി വർദ്ധിപ്പിക്കും, അതുവഴി ഉചിതമായ സമയം തിരഞ്ഞെടുക്കാനാകും. ഇതിനാൽ, കൂടുതൽ ഉംറ നിർവ്വഹിക്കാനുള്ള അനുമതിയും ഏവർക്കും യഥേഷ്ടം ലഭ്യമാകും.

അതേസമയം, വിശുദ്ധ മസ്ജിദുകളിലേക്കുള്ള സന്ദർശകർ, തീർഥാടകർ, ആരാധകർ, എന്നിവർ പള്ളിക്കകത്ത് മാസ്‌ക് ധരിക്കണം. മാത്രവുമല്ല തവക്കൽനാ ആപ്പിൽ ഇമ്മ്യൂണ് സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ ഹറം പള്ളികളിൽ പ്രവേശനം അനുവദിക്കൂകയുള്ളൂ. തൊഴിലാളികളുമായി സഹകരിച്ച് അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിന് സഹകരിക്കാനും ഇരു ഹറം കാര്യാലയ വകുപ്പ് നിർദേശിച്ചു.

നിയന്ത്രണങ്ങൾ പിൻവലിക്കുകയും ഉംറ പെർമിറ്റുകൾ എല്ലാവർക്കും യഥേഷ്ടം ലഭ്യമാക്കുകയും ചെയ്തതോടെ ഇത്തവണ റമദാനിൽ ഉംറക്കും തറാവീഹ് നമസ്കാരത്തിനുമുൾപ്പെടെ വിശ്വാസികളുടെ തിരക്ക് വർധിക്കും. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി പരിമിതമായ നിലയിലായിരുന്നു റമദാനിലെ ഉംറ, സന്ദർശന, നിസ്കാര അനുമതികൾ.